Sunday 3 February 2013

ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

ഒരു വേനല്‍മഴ പോലെ ആയിരുന്നു
അവന്‍റെ പ്രണയവും
ഞാന്‍ നിനച്ചിരിക്കാത്ത ഏതോ ഒരു നേരത്ത് എവിടെ നിന്നോ
എന്നിലേക്ക്‌ പെയ്തിറങ്ങിയ സ്നേഹമഴ പിന്നെ
ഒരു മഴപോലെ തന്നെ ഏതോ ഒരു നിമിഷത്തില്‍
അവനും അവന്‍റെ പ്രണയവും
എന്നില്‍ നിന്നു എവിടെയോ
പോയ്‌ മറഞ്ഞു
പെയ്തൊഴിഞ്ഞ മഴക്കാലം വീണ്ടും
എന്നില്‍ പെയ്തിറങ്ങുന്നതും കാത്തിരിക്കുന്നു ഞാന്‍
ഒരു മഴകാലത്തിന്റെ ഓര്‍മ്മകളുമായ്

കാത്തിരിപ്പ്

നമ്മുടെ പ്രണയത്തില്‍
നീയായിരിക്കും എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത്
അതായിരിക്കും ...........
നിന്‍റെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍
ഒരിക്കലും
എന്നില്‍ നിന്നും മായാത്തതും
എനിക്കൊരിക്കലും
നിന്നെ മറക്കാന്‍ കഴിയാത്തതും
ഇന്നും.......
നിന്‍റെ സ്നേഹത്തിനായി
ഞാന്‍ കാത്തിരിക്കുന്നതും..........


പുനര്‍ജ്ജന്മം

ഒരു പുനര്‍ജ്ജന്മം കൊതിക്കാതിരുന്ന ഞാനിന്നു
ഒരു പുനര്‍ജ്ജന്മം കിട്ടാനായി പ്രാര്‍ഥിക്കുന്നു
നിനക്ക് വേണ്ടി ........
നമുക്ക് നഷ്ട്ടപെട്ട പ്രണയം അടുത്ത ജന്മത്തില്‍
നേടിയെടുക്കാന്‍........
നിന്‍റെ സങ്കടം അതാണ് ഇന്നെന്‍റെ വേദന
പക്ഷേ ........,
നിനക്ക് വേദനിക്കാതിരിക്കാന്‍ ഞാന്‍ ഇന്നും ചിരിക്കുന്നു
വിധി അടുത്ത ജന്മത്തില്‍ എങ്കിലും
നമ്മളെ തോല്പ്പിക്കാതിരിക്കട്ടെ

ഒരു സ്വപ്നം കടം തരുമോ

എന്ന് മുതല്‍ ആണ് എനിക്ക് എന്നെ തന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോയത്?????
എന്ന് മുതല്‍ ആണ് ഞാന്‍ കരയാന്‍ മറന്നു തുടങ്ങിയത്????????
എന്താണ് എനിക്ക് സംഭവിച്ചത്??????
കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റിയോ എനിക്ക്?????????
അതോ ഞാന്‍ എല്ലാം മറക്കാന്‍ പഠിച്ചോ????????
സ്വപനങ്ങള്‍ കാണാത്തത് കൊണ്ടാണോ
ഞാനിന്നു കരയാത്തത്???????
ആയിരിക്കാം ഞാനിപ്പോള്‍ സ്വപങ്ങള്‍ കാണാറില്ല
എനിക്കിപ്പോള്‍ ഒന്നുറക്കെ കരയാന്‍ കൊതിയാകുന്നു
ഞാനൊന്ന് ഉറക്കെ കരഞ്ഞോട്ടെ
ഒന്നുറക്കെ കരയാന്‍ ആരെങ്കിലും എനിക്കൊരു  സ്വപനം  കടം തരുമോ???????????



Saturday 2 February 2013

ഓര്‍മ്മകളുടെ നിറം

വിട പറയാന്‍ നേരത്തു നീ തന്ന പുഞ്ചിരി
ഇന്നെന്റെ ഓര്‍മ്മകളില്‍ നൊമ്പരമായിടുന്നു...
നിന്നോടുള്ള എന്‍ പ്രണയം എന്‍
ഹൃദയത്തിന്‍ അടിത്തട്ടില്‍ ഒളിപ്പിച്ചിട്ടും
ഓരോ നിമിഷവും എന്‍ ഹൃദയത്തെ നോവിചിടുന്നു..
ഓരോ മഴയും പെയ്തൊഴിയുമ്പോഴും
നിന്‍ ഓര്‍മ്മകള്‍ മാത്രമെന്നില്‍ നിന്നൊഴിയുന്നില്ല..
നിനക്കായ് കാത്തുവെച്ച എന്‍ സ്നേഹമോക്കെയും
നിന്നോര്‍മ്മകളില്‍ ഒരു തുള്ളി കണ്ണീരായി മാറിടുന്നു..
എല്ലാം മറക്കുവാന്‍ എന്‍ മനം കൊതിക്കുമ്പോള്‍
അറിയാതെ ഒരു നോവ്‌ എന്‍ മിഴികളെ നനക്കുന്നു.
ജീവന്‍ തുടിക്കുവോളം മറക്കില്ലെന്ന് പറഞ്ഞ നീ
എല്ലാം മറന്നു പറന്നകന്നില്ലേ .. എന്‍
ഓര്‍മ്മകള്‍ പോലും മറന്നില്ലേ ...
എല്ലാം മറക്കാന്‍ കഴിയുന്ന വഴിയെന്തെന്ന്
എന്നോടും ചൊല്ലുമോ കൂട്ടുകാരാ എന്‍ പ്രിയ കൂട്ടുകാരാ
നിന്നോര്‍മ്മകളൊന്നും മറക്കുവാനാകാതെ
ഈ ഏകാന്ത വീഥികളില്‍ ഞാന്‍ തനിച്ചിരിക്കുന്നു
എല്ലാം മറക്കുവാന്‍ പുഞ്ചിരിക്കുമ്പോഴും
അറിയാതെ അതൊരു വാടിയ പൂവായി മാറിടുന്നു .
ഒരു ആഴ കടലിലും ഒരു മുത്തുചിപ്പിക്കുള്ളിലും
ഒളിപ്പിക്കുവാനാകാത്ത നിന്‍ ഓര്‍മ്മകള്‍ പ്രിയനേ
ഒരു തീരാ വേദനയായി എന്‍ മനസ്സില്‍ പെയ്തുകൊണ്ടിരിക്കുന്നു
എന്‍ ഓര്‍മ്മകളുടെ നിറം എന്നും കണ്ണീരിന്‍ നിറമായി മാറിടുന്നു ..

മറവി ഒരോര്‍മ

മറക്കണമെന്ന് കരുതിയതാണ് ഞാന്‍
എല്ലാം .........
നീ തന്ന സ്വപ്നങ്ങളും ഓര്‍മ്മകളും എല്ലാം
പക്ഷേ .......
ഇന്നലെ നിനച്ചിരിക്കാതെ പെയ്ത മഴ
എന്നെ എല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചു
അന്ന് നിനക്കൊപ്പം നടന്ന ഇടവഴിയില്‍ കൂടെ
ഒരിക്കല്‍ കൂടെ നടക്കാന്‍ മനസ്സ് വീണ്ടും കൊതിച്ചു
നീ തന്ന നാരങ്ങ മിട്ടായിയുടെ മധുരം നുണഞ്ഞു
ആ വാകമരത്തണലിലൂടെ
നിന്‍റെ കൈ കോര്‍ത്ത്‌ പിടിച്ച് ഒന്നുകൂടി നടക്കാന്‍ ഒരു മോഹം
പക്ഷെ .........
നീ ഇന്ന് എന്നില്‍ നിന്നും എത്രയോ അകലെയാണ്
ഈ കടല്‍ തീരത്ത് ഇന്നും എനിക്ക് കൂട്ടായി ഈ അസ്തമയ സൂര്യന്‍ മാത്രം

തൊട്ടാവാടി

മഴയും മഴവില്ലും ഇഷ്ട്ടപെടുന്നവള്‍ ....
പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിക്കുന്നവള്‍ .....
ആകാശത്തിലെ
വെള്ളിമേഘങ്ങളോടും നക്ഷത്രങ്ങളോടും കൂട്ടുകൂടുന്നവള്‍ ...
ഒരു കുഞ്ഞിളം കാറ്റിനൊപ്പം കൈകോര്‍ത്തു നടക്കാന്‍ ഇഷ്ട്ടപെടുന്നവള്‍ ....
പൊന്‍ പുലരികളെയും
അസ്തമയ സൂര്യനെയും എപ്പോഴും കാണാന്‍ കൊതിക്കുന്നവള്‍ ........
പുഴകളെയും മരങ്ങളെയും സ്നേഹിക്കുന്നവള്‍ ....
ഒരു പുലരിക്കപ്പുറം
ഉണ്ടാകില്ലെന്നറിഞ്ഞിട്ടും
ഒരു കുഞ്ഞു മഞ്ഞുതുള്ളിയെ പ്രണയിക്കുന്നവള്‍..... തൊട്ടാവാടിയുടെ
തലോടലില്‍പ്പോലും പിണങ്ങുന്നവള്‍
പിന്നെ ........
എല്ലാം......
എല്ലാം മറന്ന് പുഞ്ചിരിക്കുന്നവള്‍
അതാണ് .....
ഈ പാവം ഞാന്‍

ജീവിത തോണി

നിദ്രയില്‍ സ്വപ്‌നങ്ങള്‍  എനിക്കെന്നും അന്യമായിരുന്നു ... 
ഒരായിരം സ്വപ്‌നങ്ങള്‍  കാണാന്‍ കൊതിച്ചു
 നിദ്ര ദേവിയുടെ . മടിയില്‍ തല ചായ്ക്കുമ്പോള്‍  
ഒരു സ്വപ്നം പോലും കാണാനാകാതെ പുലരുന്ന ദിനങ്ങള്‍  
നിദ്രയില്‍ എന്നും ഇരുട്ടായിരുന്നു കട്ടപിടിച്ച ഇരുട്ട് 
എന്‍റെ  കുഞ്ഞു മനസ്സിലെ നിറങ്ങള്‍ ഒരിക്കലും 
ഒരു കൊച്ചു സ്വപ്നമായി എന്റെ നിദ്രയില്‍ കടന്നു വന്നില്ല 
അതായിരിക്കാം ഞാന്‍  പകല്‍ കിനാക്കള്‍ കാണാന്‍ തുടങ്ങിയത് 
എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ സൂര്യനെ സ്നേഹിക്കുന്ന സൂര്യകാന്തി  പൂവായി 
ചില സ്വപ്നങ്ങളില്‍ ഞാന്‍ തുമ്പ പൂവിനെ പ്രണയിച്ച മഞ്ഞു തുള്ളി ആയിരുന്നു 
ചിലപ്പോള്‍ ഒഴുകുന്ന പുഴയായും മറ്റു ചിലപ്പോള്‍ എരിയുന്ന തീയായി 
എന്‍റെ  കണ്ണീരു കൊണ്ട് ഞാന്‍ പുഴയുണ്ടാക്കി 
അതില്‍ ഞാന്‍ ചിരിക്കുന്ന ഒരു തോണിയിറക്കി 
ആ തോണി തുഴഞ്ഞു ഇനിയെത്ര ദൂരം അറിയില്ല 
എന്നെങ്കിലും വലിയൊരു പേമാരിയില്‍ ആ തോണി മുങ്ങി പോകും

ഞാന്‍

ഉത്തരം മുട്ടിക്കും ചോദ്യത്തിന്‍ മുന്നില്‍

പൊട്ടിച്ചിരിച്ചും കളിച്ചും രസിച്ചും

മനസ്സിലെ ഉത്തരം പറയാതൊഴിഞ്ഞു ഞാന്‍

അറിയാതെ നിറയുന്ന മിഴികള്‍ക്ക് വേണ്ടി

വഴി തെറ്റി വന്ന ചെറുകാറ്റിനെ പഴിച്ചു ഞാന്‍

മണ്ണില്‍ കിടന്ന കരടിനെ ആ പാവം

കുഞ്ഞിക്കാറ്റെന്‍റെ കണ്ണിലേക്കിട്ടു പോലും

കാണാത്ത തലവരയെ ശപിച്ചു ഞാനെന്നും

വിധിയെന്ന പാവത്തിനെ പഴിച്ചു ഞാന്‍

കരയാന്‍ വിതുമ്പുന്ന ചുണ്ടുകളെ

ശാസിച്ചു ഞാന്‍ അടക്കി നിര്‍ത്തി

വെറുതെ ചിരിക്കാന്‍ പഠിപ്പിച്ചു ഞാനവയെ

സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച

മനസ്സിനെ ഇരുട്ടെന്ന കൂട്ടില്‍ അടച്ചു

മിഴികളെ ഇരുട്ടില്‍ കരയാന്‍ പഠിപ്പിച്ചു

ഞാനെന്നും ഒച്ചയില്ലാതെ കരയാന്‍ പഠിച്ചു

ദുഃഖസ്വപ്നം

                              തിളങ്ങുന്ന കുഞ്ഞിക്കണ്ണുകള്‍ , ചെറിയ പാല്‍പുഞ്ചിരി , പുഞ്ചിരിക്കുമ്പോള്‍ തെളിയുന്ന ഭംഗിയുള്ള രണ്ടു നുണക്കുഴികള്‍ , തക്കാളി ചുവപ്പുള്ള ആ കുഞ്ഞു ചുണ്ടുകളില്‍ അപ്പോള്‍ അവന്‍ കുടിച്ച അമിഞ്ഞ പാലിന്റെ ബാക്കിയുണ്ട്.... ഭംഗിയുള്ള ആ നെറ്റിയില്‍ അവനു കണ്ണ് പറ്റാതിരിക്കാന്‍ ഒരു കറുത്ത കുഞ്ഞി മറുക് ... നിലാവിനെ തോല്‍പ്പിക്കുന്ന അവന്‍റെ ആ ചിരി കണ്ടാല്‍ ആര്‍ക്കും ഒന്നോമാനിക്കാന്‍ തോന്നും .. അവന്‍ ആരെയോ നോക്കി ചിരിക്കുകയാണ് അവന്‍റെ കുഞ്ഞി കൈകള്‍ അയാളുടെ നേര്‍ക്ക്‌ നീട്ടുന്നുണ്ട് .. രണ്ടു കൈകള്‍ അവന്‍റെ നേര്‍ക്ക്‌ നീണ്ടു വരുന്നുണ്ട് .. പക്ഷേ ആ കൈകള്‍ അവനെ വാരിയെടുക്കുന്നതിനു പകരം അവന്‍റെ ആ കുഞ്ഞി കഴുത്തിലേക്കു നീളുന്നു ... ഒരു നിമിഷം കൊണ്ട് അവന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു ..അവന്‍ ഒരിറ്റു ദയക്കായി യാചിക്കുന്നു ശ്വാസം കിട്ടാതെ അവനൊന്നു പിടഞ്ഞു ..

ഗോപന്‍ ഞെട്ടി എഴുനേറ്റു ... കണ്ണ് തുറന്നു ഗോപന്‍ അറിയാതെ കഴുത്ത് തടവി ... നശിച്ച ഈ സ്വപനം, രണ്ടാമത്തെ പ്രാവശ്യമാണ് താന്‍ ഈ സ്വപനം വീണ്ടും കാണുന്നത് ..
ഗോപന്‍ എഴുന്നേറ്റു മുറിയിലെ ലൈറ്റിട്ടു കൂജയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു .. കണ്ണാടിക്ക് മുന്നില്‍ ചെന്ന് തന്‍റെ നെറ്റിയിലെ ആ കറുത്ത മറുകില്‍ മെല്ലെ വിരലോടിച്ചു ... താന്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് താന്‍ ഒരു വയസ്സനായ പോലെ .. മെല്ലെ ഒരു സിഗരറ്റെടുത്ത് കൊളുത്തി .. ലൈറ്റ് ഓഫ്‌ ചെയ്തതിനു ശേഷം ജനാലക്കരികില്‍ പോയി നിന്നു പുറത്തു നല്ല നിലാവുണ്ട് ജനാലയിലൂടെ നല്ല തണുത്ത കാറ്റ് വീശുന്നു .. ആകാശത്ത് പൂര്‍ണ ചന്ദ്രന്‍ ... തെളിഞ്ഞ ആകാശത്ത് ഒത്തിരി കുഞ്ഞു നക്ഷത്രങ്ങള്‍ ... നക്ഷത്രക്കുഞ്ഞുഅള്‍ക്ക് ഒളിച്ചു കളിക്കാന്‍ അവിടവിടെ കുഞ്ഞു വെള്ള മേഘങ്ങള്‍ ... എന്നാണു താന്‍ ഈ സ്വപനം ആദ്യമായി കണ്ടത് ... തന്‍റെ വിവാഹത്തിന്‍റെ തലേ നാള്‍ ... വിവാഹം കഴിഞ്ഞു 5 വര്‍ഷമായി ..എന്നിട്ടും തന്നെ വിട്ടുപോയിട്ടില്ല ... എല്ലാം തനിക്കു നഷ്ട്ടപെട്ടു ... തന്‍റെ സന്തോഷം മുഴുവന്‍ ...തകര്‍ത്ത സ്വപ്നം ...
ഗോപന്‍റെ മനസ്സ് മറക്കാന്‍ കരുതി വെച്ച ഓര്‍മ്മകളിലേക്ക് വീണ്ടും യാത്രയാവാന്‍ തുടങ്ങി ... അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദ്യമായി പെണ്ണുകാണാന്‍ പോയത് ... ആദ്യ നോട്ടത്തില്‍ തന്നെ തനിക്കു ലക്ഷ്മിയെ ഇഷ്ട്ടമായി . നിഷ്കളങ്കമായ മുഖം.. ആ മുഖം പിന്നെ മനസ്സിന്നു മാഞ്ഞു പോയില്ല ... പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. ആ കഴുത്തില്‍താലി കെട്ടുമ്പോള്‍ തന്‍റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു ...എങ്കിലും ആ മുഖത്തേക്ക് താന്‍ ഒന്ന് മെല്ലെ നോക്കി അപ്പോള്‍ ആ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു.. അവള്‍ടെ അച്ഛന്‍ ആ കൈപിടിച്ച് തന്നെ എല്പ്പ്പിക്കുമ്പോള്‍ ആ കൈകളും വിറക്കുകയായിരുന്നു .. തന്‍റെ കൈക്കുള്ളില്‍ ഇരുന്നു വിറക്കുന്ന ആ കൈകള്‍ വിട്ടു പോകാതിരിക്കാന്‍ താന്‍ ആ കൈകള്‍ മുറുകെ പിടിച്ചു ...
വലതുകാല്‍ വെച്ചു തന്‍റെ വീട്ടിലേക്കും ജീവിതത്തിലേക്കും അവള്‍ കയറി വന്നു .. പേര് പോലെ തന്നെ ഐശ്വര്യവതിയായിരുന്നു ലക്ഷ്മി .. തന്‍റെ അമ്മയ്ക്കും ചേച്ചിക്കും അച്ഛനും ഒക്കെ പ്രിയപെട്ടവളായി എത്ര പെട്ടെന്നാണ് അവള്‍ മാറിയത് ... ഒരു കാര്യത്തിനു മാത്രേ തന്‍റെ ലക്ഷ്മി തന്നോട് വഴക്കിടാറുള്ളൂ. തന്‍റെ ഈ നശിച്ച മദ്യപാനം തന്‍റെ പാവം ലക്ഷ്മിയെ താന്‍ എന്തുമാത്രം തല്ലിയിരിക്കുന്നു പക്ഷേ എല്ലാം കഴിയുമ്പോള്‍ അവളോട്‌ മാപ്പ് പറയും തലയില്‍ തൊട്ട്‌ ഇനി ഒരിക്കലും കുടിക്കില്ലാന്നു പറഞ്ഞു സത്യം ചെയ്യും പക്ഷേ വീണ്ടും വീണ്ടും താന്‍ കുടിച്ചു കൊണ്ടേയിരുന്നു .. എന്ത് കൊണ്ടാണ് തനിക്കതുപേക്ഷിക്കാന്‍ കഴിയാഞ്ഞത് ...
തങ്ങള്‍ക്കിടയില്‍ മോന്‍ വന്നപ്പോള്‍ അവള്‍ ഒരുപാട് സന്തോഷിച്ചു .. തന്നോട് മദ്യപിക്കരുതെന്ന് മോന്‍റെ തലയില്‍ തൊട്ട്‌ അവള്‍ വീണ്ടും സത്യം ചെയ്യിച്ചു .. രണ്ടു ദിവസം താന്‍ ആ സത്യം പാലിച്ചു .. അന്ന് എത്രമാത്രം സന്തോഷവതിയായിരുന്നു തന്‍റെ ലക്ഷ്മി ... പക്ഷേ തനിക്കു വീണ്ടും ആ സത്യം പാലിക്കാന്‍ പറ്റാതെ പോയി മൂന്നാം ദിവസം തന്‍റെ ജീവിതത്തിലെ ഏറ്റവും ചീത്ത ദിവസം ഒരിക്കലും ഒര്‍ക്കാന്‍ ഇഷ്ട്ടമല്ലാത്ത ദിവസം തനിക്ക് പിടിച്ചു നില്ക്കാന്‍ പറ്റിയില്ല മതിയാവോളം കുടിച്ചു രണ്ടു ദിവസത്തെ ചേര്‍ത്ത് കുടിച്ചു .. വൈകിട്ട് ജോലി കഴിഞ്ഞു വീട്ടില്‍ ചെല്ലുമ്പോള്‍ ചിരിച്ചു കൊണ്ട് ഇറങ്ങി വന്ന അവള്‍ക്കു മുഖം കൊടുക്കാതെ തനിക്കു അകത്തേക്ക് കയറേണ്ടി വന്നു വാതിക്കല്‍ ചെന്ന് മെല്ലെ മുഖം തിരിച്ചു നോക്കുമ്പോള്‍ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത് .. നിറഞ്ഞു തുളുമ്പിയ ആ കണ്ണുകള്‍ തുടക്കാതെ തന്നോടൊരു വാക്കും പറയാതെ തന്‍റെ മുഖത്ത് നോക്കാതെ അവള്‍ അകത്തേക്ക് തന്നെ കടന്നു കയറി പോയി .. അവള്‍ടെ ഒക്കത്തിരുന്നു മോന്‍ പാലിന് വേണ്ടി കരയുന്നുണ്ടായിരുന്നു
ഏതു നിമിഷത്തിലാണ് തനിക്കവളെ അടിക്കാന്‍ തോന്നിയത് .. സത്യം തെറ്റിച്ചതിന് വഴക്കൊന്നും പറയാതെ അവള്‍ നിന്നത് കൊണ്ട് അവളെ ദേഷ്യം പിടിപ്പിക്കാന്‍ അടിച്ചതോ ... അതോ ഞാന്‍ ഇനിയും കുടിക്കും നിന്നെ അടിക്കേം ചെയ്യും എന്ന് കാണിക്കാന്‍ വേണ്ടിയോ .. അതോ അവളുടെ കയ്യിലിരുന്നു പാലിന് വേണ്ടി മോന്‍ കരഞ്ഞിട്ടും അവള്‍ മോന് പാല് കൊടുക്കാതെ ഇരിക്കുന്നത് കണ്ടിട്ടോ ... ഇന്നും തനിക്കറിയില്ല എന്തിനാണ് ആ നിമിഷത്തില്‍ തന്‍റെ ലക്ഷ്മിയെ താന്‍ അടിച്ചതെന്ന് ... പക്ഷേ ആ നിമിഷത്തെ തന്‍റെ ആ തെറ്റിനെ താന്‍ ഇന്നും ഒരു പാട് ശപിക്കുന്നു ... തന്‍റെ തല്ലിനേക്കാള്‍ കൂടുതല്‍ തന്‍റെ വാക്കുകളായിരുന്നു അവളെ വേദനിപ്പിച്ചത് .. "നീയും മോനും എന്‍റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് താന്‍ ഇങ്ങനെ നശിച്ചത്"എന്ന തന്‍റെ വാക്ക് ആ വാക്കിനു ഇത്രയും ശക്തിയുണ്ടാവുമെന്നു മനസ്സിലാക്കാന്‍ നേരം വെളുക്കുന്നത്‌ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ ...
അമ്മയുടെ നിലവിളി കേട്ടാണ് താന്‍ ഉണര്‍ന്നത് അവളോട്‌ വഴക്കിട്ട കാരണം തങ്ങളുടെ മുറിയില്‍ കേറാതെ പുറത്തെ മുറിയിലായിരുന്നു കിടന്നുറങ്ങിയത് .. അവള്‍ വാതില്‍ തുറക്കുന്നില്ല എന്നും പറഞ്ഞു അമ്മ കരയുന്നു .. അമ്മയുടെ കരച്ചില്‍ കേട്ട് അയലോക്കക്കാരെല്ലാം വന്നിട്ടുണ്ട് .. തന്‍റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി ... ലക്ഷ്മി എന്ന് ഒന്നുറക്കെ വിളിക്കാന്‍ തനിക്കു കഴിഞ്ഞില്ല .. ആരെല്ലാമോ വാതില്‍ ചവിട്ടി പൊളിച്ചു ഒന്ന് നോക്കാനേ കഴിഞ്ഞുള്ളൂ ചോരയില്‍ കുളിച്ചു തന്‍റെ ലക്ഷ്മിയും മോനും ... ലക്ഷ്മിയുടെ ശരീരം നിറയെ ബ്ലേഡ് കൊണ്ട് മുറിച്ച പാടുകളായിരുന്നു ... തന്‍റെ കുഞ്ഞിന്‍റെ ദേഹത്ത് ഒരു മുറിവ് പോലും ഉണ്ടായിരുന്നില്ല .. അവന്‍റെ കുഞ്ഞി കഴുത്തില്‍ ലക്ഷ്മിയുടെ വിരളുകളുടെ രണ്ടു പാടുകള്‍ മാത്രം .. തന്‍റെ ലക്ഷ്മിയുടെ കൈകള്‍ കൊണ്ട് തന്‍റെ മകന്‍ മരിച്ചിരിക്കുന്നു .. താന്‍ എന്നോ കണ്ടു മറന്ന ആ സ്വപ്നം പോലെ തന്‍റെ ജീവിതത്തിലും സംഭവിച്ചത് ഒരു യാദൃശ്ചികതയാവാം
കൈ നീറിയപ്പോഴാണ് ഗോപന്‍ വീണ്ടും ആ നിലാവിലേക്കും ആ കുഞ്ഞു നക്ഷത്രത്തിലേക്കും തിരികെ വന്നത്. കത്തിച്ചു വെച്ച സിഗരറ്റ് വിരലുകള്‍ക്കിടയിലിരുന്നു എരിയുന്നു .. ഗോപന്‍ അത് ജനാലയിലൂടെ പുറത്തേക്കിട്ടു .. ആ കുഞ്ഞു നക്ഷത്രം ഏതോ കുഞ്ഞു മേഘത്തിനിടയില്‍ കയറി ഒളിച്ചിരിക്കുന്നു .. ഗോപന്‍ ജനലുകള്‍ അടച്ചു തിരികെ കിടക്കയില്‍ വന്നു കിടന്നു .മനസ്സ് നഷ്ട്ടപെട്ടു ശരീരം മാത്രം തിരിച്ചു കിട്ടിയ ലക്ഷ്മിയെ നെഞ്ചോടു ചേര്‍ത്ത് .. നിറഞ്ഞൊഴുകിയ തന്‍റെ കണ്ണുകള്‍ ഇറുക്കി അടച്ച്‌ .. നശിച്ച ആ സ്വപനം കാണാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്............

ആരവങ്ങള്‍ക്കിടയില്‍

            ഈ ചുമരില്‍ ചാരി ഇവിടെ ഇരുന്നാല്‍ ആകാശം നല്ല പോലെ കാണാം . രേവതി കടലാസും പേനയും കയ്യില്‍ പിടിച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയി .  ആത്മ കഥ എഴുതാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍  സഹമുറിയത്തി  ആനി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് . " പൊട്ടിപ്പെണ്ണേ ചക്കരക്കുട്ടി  ഒരു പത്തമ്പത് വയസ്സാവട്ടെടി ആത്മ കഥ എഴുതാന്‍  ഇപ്പോള്‍ ജീവിക്ക് എന്നിട്ടാവാം കേട്ടോ " ഇതും പറഞ്ഞു കവിളത്തൊരു നുള്ളും കൊടുത്തു ആനി . പക്ഷേ അവള്‍ക്കറിയില്ലല്ലോ ഇത് തന്‍റെ അവസാനത്തെ എഴുത്താണെന്ന്  . താന്‍ എഴുതുന്ന കവിതകളും കഥകളും വായിക്കുന്ന ആദ്യത്തെ വായനക്കാരി അവളായിരുന്നു . "എന്തായാലും നീ എഴുത്  ഞാന്‍ കിടക്കാന്‍  പോകുവാ ശുഭരാത്രി മോളേ" എന്ന് പറഞ്ഞു ആനി തന്‍റെ പായയില്‍  പോയി ചുരുണ്ട് കൂടി കണ്ണിലേക്കു വെട്ടം തട്ടാതിരിക്കാന്‍  പുതപ്പെടുത്തു തലയിലൂടെ മൂടി  കിടന്നു   
                  
             അവള്‍ വീണ്ടും ആകാശത്തേക്ക് കണ്ണ് പായിച്ചു . ആകാശത്ത് അവിടെ ഇവിടെ ആയി കുറച്ചു നക്ഷത്രങ്ങള്‍ മാത്രം . ചന്ദ്രന്‍  ഉദിച്ചിട്ടുണ്ടെങ്കിലും നിലാവിന് ശോഭ ഇല്ലാത്തതു പോലെ . ഇടവം പാതി ആയിട്ടും ആകാശത്ത്  മൂന്നാല് കാര്‍മേഘങ്ങള്‍  പെയ്യാന്‍ മടിച്ചു നില്‍ക്കുന്നു . കരയാന്‍ മടിക്കുന്ന  തന്‍റെ മനസ്സ് പോലെ . എന്ന് മുതലാണ് താന്‍ കരയാന്‍ മറന്നത് . കണ്ണീരിനെ മുഴുവന്‍  മനസ്സില്‍ ഒളിപ്പിക്കാന്‍ പഠിച്ചത് . ശാപം  പിടിച്ച ജന്മം എന്ന് പറഞ്ഞു എല്ലാവരും ശപിക്കുമ്പോള്‍  തന്‍റെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നത് കണ്ടു  ആരും കാണാതെ കണ്ണ് തുടക്കുന്ന അച്ഛനെ കണ്ടത് മുതലോ ? തന്നെ ഓര്‍ത്താണോ അച്ഛന്‍ കരഞ്ഞത് അതോ അമ്മയെ ഓര്‍ത്തോ ഇന്നും തനിക്കു കിട്ടാതെ പോയ ഒരു ഉത്തരം. ചോദിക്കാനുള്ള ദൈര്യവും തനിക്കില്ലായിരുന്നു .
              
              ജനിച്ചതാണോ താന്‍ ചെയ്ത തെറ്റ് . പലരുടെയും പെരുമാറ്റം കൊണ്ട് തനിക്കങ്ങിനായിരുന്നു തോന്നിയത് . അതോ ആത്മഹത്യ ചെയ്യാന്‍  പേടിച്ച് ഇന്നും ജീവിക്കുന്നതോ ? എന്തായാലും തെറ്റുകളുടെ പര്യായപദമായിരുന്നു എല്ലാവരുടെ മുന്നിലും താന്‍ . മകളെ നഷ്ട്ടപെട്ട മുത്തശ്ശനും മുത്തശ്ശിക്കും മുന്നില്‍ താനെന്നും കുറ്റവാളിയായിരുന്നു. താന്‍ ജനിച്ച അന്ന് മുതല്‍ അമ്മ നഷ്ട്ടപെട്ട ഏട്ടനും താനൊരു തെറ്റുകാരി ആയിരുന്നു . തങ്ങളെ നോക്കാനായി അച്ഛന്‍ കൊണ്ട് വന്ന ചെറിയമ്മക്കു താനെന്നും ഒരു ദുശ്ശകുനമായിരുന്നു .തന്‍റെ ജാതക ദോഷം കൊണ്ട്  അനിയത്തിക്ക്, അവളുടെ ജീവിതത്തിനു താനൊരു വിലങ്ങാകുമോ എന്നായിരുന്നു പേടി . അവളതു  പറയാതെ പലവട്ടം  പ്രേകടിപ്പികുകയും ചെയ്തു . ആര്‍ക്കും ഒരു തടസ്സമാകണമെന്നു താന്‍  മനസ്സ്കൊണ്ട്  ഒരു നിമിഷം പോലും ആഗ്രഹിചിട്ടില്ലായിരുന്നു എന്നിട്ടും സ്വന്തം കൂടപ്പിറപ്പു പലവട്ടം തന്നെ ശപിച്ചു  . 

           ആരവങ്ങള്‍ക്കിടയില്‍ ഒറ്റപെട്ടു നില്‍ക്കാനായിരുന്നു തനിക്കും ഇഷ്ട്ടം . പുസ്തകങ്ങളുടെയും സംഗീതത്തിന്റെയും ലോകത്ത് ഒറ്റയ്ക്ക്  സ്വപനം കണ്ടു നടക്കാന്‍ താനും ഇഷ്ട്ടപെട്ടിരുന്നു . ആ സ്വപനങ്ങളിലെ രാജകുമാരന് കണ്ണേട്ടന്‍റെ  മുഖം കണ്ടത് തന്‍റെ തെറ്റ് . അര്‍ഹാതയില്ലാത്തത് ആഗ്രഹിക്കാന്‍ പാടില്ല എന്നറിഞ്ഞിട്ടും അറിയാതെ സ്നേഹിച്ചു . കഥകളിലും കവിതകളിലും കണ്ണേട്ടനോടുള്ള സ്നേഹം മാത്രം നിറഞ്ഞു നിന്നു . മഴയോടും തുമ്പ പൂവിനെ പ്രണയിച്ച മഞ്ഞുതുള്ളിയോടും മാത്രം ആ പ്രണയത്തെ കുറിച്ച് പങ്കു വെച്ചു .  
          
             പക്ഷേ മനം നിറഞ്ഞു സ്നേഹിച്ച പുരുഷന്‍ മറ്റൊരു പെണ്ണിന്റെ കഴുത്തില്‍ താലി കെട്ടുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ഗതികേട് . ഒരായിരം സ്വപനങ്ങള്‍  അവിടെ വീണു ചിതറുകയായിരുന്നു . പുതുപെണ്ണിന്‍റെ കയ്യില്‍ സമ്മാനപ്പൊതി കൊടുത്തു അവരോടൊപ്പം ചിരിച്ചു കൊണ്ട് സന്തോഷം പങ്കിടുമ്പോള്‍  തന്‍റെ കണ്ണുകള്‍ നിറയാതിരിക്കാന്‍ തനോരുപാട് ബുദ്ധിമുട്ടി . വിവാഹ ശേഷം  വീട്ടിലേക്കു മടങ്ങുമ്പോള്‍ നിനക്കാതെ പെയ്ത വേനല്‍ മഴയില്‍ എല്ലാം സങ്കടങ്ങളും അര്‍പ്പിക്കുകയായിരുന്നു . എന്നും തന്‍റെ മനസ്സ് മനസ്സിലാക്കിയിരുന്ന മഴ . തന്‍റെ അമ്മ എല്ലാ കണ്ണീരും തുടച്ചുമാറ്റി. എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും അദൃശ്യമായൊരു ശാക്തി തന്നെ സമാധാനിപ്പിക്കാന്‍ ഉണ്ടായിരുന്നു ഒരു കാറ്റായി മഴയായി അതെന്നും വന്നു തന്നെ തലോടാറുണ്ടായിരുന്നു . അവയ്ക്ക്  ഒരമ്മയുടെ വാത്സല്യം ആയിരുന്നു.    

        പിന്നീട്   വിധിയുടെ വിളയാട്ടത്തില്‍ മറ്റൊരാളുടെ മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ദു:ഖം . എങ്കിലും എല്ലാം മറക്കുകയായിരുന്നു ആര്‍ക്കൊക്കെയോ വേണ്ടി . ആ ജീവിതത്തിനും അധികം സന്തോഷം  ഉണ്ടായിരുന്നില്ല . അമ്മായി അമ്മ പോര് എന്ന് കേട്ടിരുന്ന താന്‍ അതൊരുപാട് അനുഭവിക്കുകയും ചെയ്തു . സ്നേഹം കൊടുക്കാനും തരാനും ആരുമില്ലാത്ത വേദന ഒരാള്‍ക്കും പെട്ടന്ന് മനസിലാവുകയില്ല . എന്നിട്ടും പിടിച്ച് നിന്നു എന്നെങ്കിലും ഒരിക്കല്‍ തനിക്കൊരു ശാപ മോക്ഷം കിട്ടുമെന്ന് കരുതി . താലി കെട്ടിയ ആളെങ്കിലും ഒരു തരി സ്നേഹം തരുമെന്ന് കരുതി .
  
 പക്ഷേ ...., 
           
              വീണ്ടും എല്ലാവരുടെ മുന്നിലും തെറ്റുകാരി ആകാനായിരുന്നു തന്‍റെ വിധി . താന്‍ പോലും അറിയാതെ  മദ്യഷാപ്പിനു തന്‍റെ പേരില്‍ ആയിരുന്നു ലൈസെന്‍സ് എടുത്തത്‌ . താന്‍ ആരെയൊക്കെയോ വിശ്വസിച്ചു എവിടെയൊക്കെയോ ഒപ്പിട്ടെന്നു മാത്രം എന്തിനാണെന്ന് പോലും അറിയാതെ . അവരോടുള്ള വിശ്വാസത്തേക്കാള്‍ കൂടുതല്‍ തനിക്കവരെ ഭയമായിരുന്നു എന്ന് വേണം പറയാന്‍ . പക്ഷേ  ആരോ ചെയ്ത തെറ്റിന് ശിക്ഷ  അനുഭവിക്കേണ്ടി വന്നത് താനും . പിന്നെ ഈ ജയിലറക്കുള്ളില്‍  നാല് വര്‍ഷം . തന്‍റെ വയറ്റില്‍ വന്നു പിറന്നത്‌ കൊണ്ട് മാത്രം ഒന്നുമറിയാതെ ഈ ജയിലറക്കുള്ളില്‍  തന്‍റെ ജീവിതം തുടങ്ങേണ്ടി വന്നവന്‍  തന്‍റെ പൊന്നു മോന്‍ . നാളെ ഈ ജയിലില്‍ നിന്നും താന്‍ മോചിതയാകുകയാണ് . ജയില്‍ ആയിരുന്നെങ്കില്‍ ഇതിനുള്ളില്‍   ഒരു സുരക്ഷിതത്ത്വം തനിക്കുണ്ടായിരുന്നു  .

         കണ്ണീരിനാല്‍ നനഞ്ഞു കുതിര്‍ന്ന കടലാസില്‍ ഒരു വലിയ  വട്ടം കൊണ്ട്  തന്‍റെ ആത്മ കഥ തീര്‍ത്തു രേവതി ഒന്നുമറിയാതെ കിടന്നുറങ്ങിയിരുന്ന മകനരികില്‍  പോയി അവനെ നെഞ്ചോടു ചേര്‍ത്ത്  നാളെ എന്തെന്നറിയാതെ ഉറങ്ങാന്‍  പേടിക്കുന്ന കണ്ണുകളെ അടച്ച്‌  കിടന്നു .

എന്‍റെ കാശിത്തുമ്പയ്ക്ക്

വര്‍ഷങ്ങള്‍ക്കു ശേഷം ആ മിഴികള്‍ താന്‍ വീണ്ടും കാണാന്‍ പോവുകയാണ് . ആ മുഖം കൈകുമ്പിളില്‍ കോരി എടുത്തു ആ മിഴികളില്‍ നോക്കി ഒരുപാട് കഥകള്‍ പറയാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊണ്ടു.. ആ മുഖം നേരില്‍ കാണുമ്പോള്‍ ആദ്യമായി എന്ത് പറയണം എന്നതായിരുന്നു അയാളുടെ ചിന്ത . ട്രെയിനിന്റെ സ്പീഡിനേക്കാള്‍ വേഗത്തില്‍ അയാളുടെ മനസ്സും ഹൃദയവും സഞ്ചരിക്കാന്‍ തുടങ്ങി .. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ മുഖം ഇനി കാണാന്‍ സാധിക്കില്ല എന്ന് കരുതി ആ നാട്ടില്‍ നിന്നും പോന്നതാണ്. പിന്നീടൊരിക്കലും ആ നാട്ടിലേക്ക് പോയില്ല്യ . പോകാന്‍ ഒരിക്കലും തോന്നിയില്ല്യ . മറക്കാന്‍ കഴിയില്ലെന്നറിഞ്ഞു കൊണ്ടുതന്നെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു . താന്‍ കാരണമാണ് അങ്ങനെല്ലാം സംഭവിച്ചതെന്നോര്‍ത്തു നീറുകയായിരുന്നു തന്‍റെ മനസ്സ് ... തനിക്കെല്ലാം നഷ്ട്ടപ്പെടുത്തിയ നാട്, വെറുപ്പായിരുന്നു എല്ലാറ്റിനോടും .. ആരും കാണാതെ തങ്ങള്‍ കഥ പറഞ്ഞിരുന്ന ആ പുഴയോരത്തേയും ആ കശുമാവിന്‍ തോപ്പുകളെയും ആദ്യമായി താന്‍ അവളോട്‌ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ആ അമ്പല കല്പടവുകളെയും ... താന്‍ ഒരുപാട് സ്നേഹിച്ചിരുന്ന എല്ലാറ്റിനോടും വെറുപ്പായിരുന്നു പിന്നീട് ...
പക്ഷേ ...,
ഇന്നലെ വരെ ഒരുപാട് വേദനകള്‍ നല്‍കിയിരുന്ന ഓര്‍മ്മകള്‍ ഇന്ന് ഒരുപാടു മധുരമുള്ള ഓര്‍മ്മകളായിരിക്കുന്നു . അന്ന് കണ്ട സ്വപനങ്ങള്‍ ഓരോന്നും ഇന്ന് ഒന്നുകൂടെ കാണാന്‍ മനസ്സ് കൊതിക്കുന്നു ... താന്‍ ആദ്യമായി അവളോട്‌ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ആ നിമിഷത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ അയാളുടെ ചുണ്ടില്‍ അറിയാതെ ഒരു പുഞ്ചിരി വിടര്‍ന്നു ..
" എന്താ ചിരിക്കണേ "
അയാള്‍ പെട്ടന്ന് ഞെട്ടി കണ്ണു തുറന്നു ... തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ആളുടെ മകനാണ് ..
അവന്‍ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയാണ് .. ട്രയിനിലെ ജനാലയിലൂടെ വീശുന്ന തണുത്ത കാറ്റില്‍ അവന്‍റെ മുടിയിഴകള്‍ താളത്തിലാടുന്നു.. ആ കുഞ്ഞി കണ്ണുകളില്‍ ഒരുപാട് സന്തോഷം അയാള്‍ കണ്ടു .. അവന്‍ അവന്‍റെ മുത്തശ്ശന്റെ അരികിലേക്ക് പോകുകയാണ് .. അവനിന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്ക് ആ മുത്തശ്ശനെ കാണാന്‍ .. ആ ആകാംക്ഷ മുഴുവന്‍ അവന്‍റെ മുഖത്തുണ്ട്‌ ..
"ഒന്നുല്ല്യ മാമന്‍ വെറുതെ ചിരിച്ചതാ "
      എന്നും പറഞ്ഞു അയാള്‍ അവനെ തന്റെ മടിയില്‍ കയറ്റി ഇരുത്തി . ഒരു കുഞ്ഞു മുത്തം ആ കവിളില്‍ നല്‍കി . "
അറിയാതെ അയാളുടെ കണ്ണുകള്‍ തന്‍റെ എതിര്‍വശത്തെ സീറ്റിലിരുന്ന പെണ്‍കുട്ടിയിലേക്ക് പോയി. ആ കൊച്ചു പെണ്‍കുട്ടി ഇടയ്ക്കിടെ കയ്യിലുള്ള ചിത്രത്തിലേക്ക് ആകാംക്ഷയോടെ നോക്കുന്നുണ്ട് .. പിന്നീടുള്ള സമയം മുഴുവന്‍ അവളെന്തോ ആലോചനയിലും ആണ് . ഒരു പത്തു വയസ്സുകാരിയുടെ പ്രായത്തിനു ചേരാത്ത പക്വത അവളുടെ മുഖത്തുണ്ട്‌ . അവളുടെ കയ്യിലുള്ള ചിത്രത്തിലേക്ക് അയാള്‍ ഒന്ന് എത്തി നോക്കി സുന്ദരി ആയ ഒരു സ്ത്രീയുടെ കല്യാണ ചിത്രം .. താന്‍ നോക്കുന്നത് കണ്ടു എന്ന് തോന്നുന്നു അവള്‍ അയാളെ നോക്കി ഒന്ന് ചിരിച്ചു എന്റെ അമ്മയാണ് .. നാട്ടിലാ കാണാന്‍ പോവുകയാ . അമ്മക്ക് വയ്യാത്തോണ്ട് നാട്ടില്‍ പോയതാ ... ഇപ്പോള്‍ അസുഖം കുറഞ്ഞെന്നു പറഞ്ഞു .. കാണാന്‍ ചെല്ലാന്‍ പറഞ്ഞു അതാ പോകുന്നെ .. അച്ഛനും ദേ അനിയനും ഉണ്ട് അവള്‍ അയാളുടെ മടിയില്‍ ഇരുന്ന കുട്ടിയെ ചൂണ്ടി പറഞ്ഞു . അയാള്‍ ഒന്നും ചോദിക്കാതെ തന്നെ അവള്‍ അയാള്‍ക്ക്‌ മറുപടി നല്‍കി ..
അയാള്‍ അവരുടെ അച്ഛന്‍ എന്ന് പറഞ്ഞ ആളെ നോക്കി .. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു .. ആ മനുഷ്യന്‍റെ മുഖത്ത് നോക്കി ഒന്നും ചോദിക്കാന്‍ അയാള്‍ക്കായില്ല്യ
      അയാള്‍ വീണ്ടും സീറ്റില്‍ ചാരി ഇരുന്നു . വെള്ള മുണ്ടും കറുത്ത ഒരു ഷര്‍ട്ടുമാണ് അയാളുടെ വേഷം . നെറ്റിയില്‍ ചന്ദനകുറി . തലയില്‍ കുറച്ചു മുടികള്‍ നരച്ചിരിക്കുന്നു കറുത്ത ഫ്രൈമുള്ള കണ്ണടക്കു കീഴെ തിളങ്ങുന്ന കണ്ണുകള്‍ .. അയാള്‍ കണ്ണുകള്‍ അടച്ചു .. തന്‍റെ മനസ്സിന്റെ ഓര്‍മ്മചെപ്പ് തുറന്നു മറക്കാനായി എടുത്തുവെച്ചിരുന്ന ഓരോ നിമിഷവും ഓര്‍ത്തെടുക്കാന്‍ തുടങ്ങി ..തന്റെ വീടിന്റെ എതിര്‍ വശത്തായിരുന്നു . ദേവുട്ടിയുടെയും വീട് .ചെറുപ്പം മുതലേ കണ്ടു വളര്‍ന്ന അവളോട്‌ ഏതു നിമിഷത്തിലാണ് പ്രണയം തോന്നി തുടങ്ങിയത് .. ഇന്നും അറിയില്ല തനിക്ക് അത് ..
അവള്‍ ആദ്യമായെഴുതിയ കവിത വായിച്ചു താന്‍ ഒരുപാടവളെ കളിയാക്കി . പുസ്തക താളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ആ കവിത അറിയാതെ തന്റെ കയ്യില്‍ വന്നു പെട്ടതായിരുന്നു .. പക്ഷേ വളരെ മനോഹരമായ ഒരു കവിതയായിരുന്നു അത് . താന്‍ കളിയാക്കിയപ്പോള്‍ പിണങ്ങിയ ആ മുഖ ഭാവം കണ്ടിട്ടായിരുന്നോ അതോ , ആവളുടെ ആ കവിത വായിച്ചപ്പോള്‍ തോന്നിയതോ അറിയില്ല എങ്ങനെയോ അവള്‍ തന്റെ മനസ്സിന്റെ ഭാഗമായി മാറി .. അവള്‍ക്കു മനസ്സില്‍ തോന്നുന്നതെന്തും എഴുതാന്‍ താനായിരുന്നു അവള്‍ക്കു ഒരു ഡയറി വാങ്ങി കൊടുത്തത് . കൃഷ്ണനും രാധയും ഒരുമിച്ചു നില്‍കുന്ന മനോഹരമായ പുറം ചട്ട ആയിരുന്നു ആ ഡയറിക്ക് . ആ നാട്ടില്‍ നിന്നും പോരുമ്പോള്‍ താന്‍ എടുത്ത ഒരേ ഒരു വസ്തു .. ഇന്നും തന്റെ കയ്യില്‍ അത് ഭദ്രമായി ഇരിക്കുന്നു . ഇടക്ക് ഓര്‍മ്മകള്‍ വല്ലാതെ മനസ്സിനെ അലട്ടുമ്പോള്‍ താനത് എടുത്തു നോക്കാറുണ്ട് . ഇന്നലെ വരെ കണ്ണുനീരിന്റെ നനവോടെ വായിച്ചിരുന്ന ആ ഡയറി . തന്റെ ജീവന്‍ ആയി കണ്ടിരുന്ന ആ ഡയറി .അതില്‍ നിറയെ തനിക്കു വേണ്ടി അവള്‍ കുറിച്ചിരുന്ന വരികള്‍ .. ആദ്യം വായിച്ചപ്പോഴെല്ലാം തന്നെ ഒരുപാട് സന്തോഷിപ്പിക്കുകയും പിന്നീട് തന്നെ കരയിക്കുകയും ചെയ്ത വരികള്‍ ..
എന്തായിരുന്നു തങ്ങള്‍ ചെയ്ത തെറ്റ് ഇന്നും മനസിലാകാത്തത് അതാണ്‌ ..
      തന്‍റെയും ശ്രീദേവിയുടെയും പ്രണയം .. അത് ഇത്ര വലിയ തെറ്റാകുമെന്നു തങ്ങള്‍ക്കറിയില്ലാരുന്നു... താന്‍ എന്നും ശ്രീദേവിയെ ദേവുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നുള്ളൂ. ... തന്നേക്കാള്‍ ഒരു വയസിനു മൂത്തതാണ് എങ്കിലും അവള്‍ തന്‍റെ ദേവുട്ടി ആയിരുന്നു . പക്ഷേ, ... ആ പ്രായ വ്യത്യാസം ഒന്നും പ്രണയത്തിനു തടസമായി തനിക്കു തോന്നിയില്ല പാവം തന്റെ ദേവുട്ടി ഒരുപാട് നിരസിച്ചതാണ് തന്റെ പ്രണയത്തെ . താനായിരുന്നു മരിച്ചു കളയും എന്ന് പറഞ്ഞു ആ സ്നേഹം ആ പ്രണയം എല്ലാം സ്വന്തമാക്കിയത് . പക്ഷേ തനിക്കു വേണ്ടി സ്വന്തം ജീവന്‍ കളയും എന്ന് ഒരിക്കലും താന്‍ കരുതിയില്ല്യ .. വേണ്ടായിരുന്നു എന്ന് പലവട്ടം തോന്നിയിട്ടുണ്ട് .. തന്‍റെ പ്രണയം മനസ്സില്‍ സൂക്ഷിച്ചാല്‍ മതി ആയിരുന്നു . എങ്കില്‍ ഒരു ജീവന്‍ ന്ഷ്ട്ടപെടില്ലായിരുന്നു എന്ന് പലവട്ടം തോന്നിയിട്ടുണ്ട് .. അറിയാതെ അയാളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു . കട്ടിയുള്ള കണ്ണടക്കു പിന്നിലെ നിറയുന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു ..
എങ്ങനെയോ ഒരിക്കല്‍ ആരും അറിയില്ലെന്ന് കരുതിയ ആ പ്രണയം .. അല്ലെങ്കില്‍ തങ്ങള്‍ ആരെയും അറിയിക്കാതെ കൊണ്ട് നടന്ന ആ പ്രണയം പുറത്തറിഞ്ഞു .. തന്റെ ജീവിതത്തില്‍ താന്‍ ആദ്യമായി എഴുതിയ പ്രണയ ലേഖനം .. നിലാവിനെയും നക്ഷത്രങ്ങളേയും സാക്ഷിയാക്കി താന്‍ ഒരു ധനുമാസ രാവില്‍ ഒരു കൊച്ചു കുളിര്‍ കാറ്റ് ഏറ്റു താന്‍ തന്‍റെ ദേവുനെഴുതിയ പ്രണയ ലേഖനം ... ക്രിഷ്ണന്‍റെ അമ്പലത്തിലെ ആല്ത്തറ ചുവട്ടില്‍ വെച്ചു അവളുടെ കാല്‍ക്കല്‍ നിന്നിരുന്ന കാശിതുമ്പ പൂവിനെ നോക്കി ആയിരുന്നു താന്‍ ആ പ്രണയ ലേഖനം അവള്‍ക്കു നേരെ നീട്ടിയത് ... അവളുടെ മുഖത്ത് നോക്കാന്‍ ആ കണ്ണുകളിലെ നാണം ഒരുപാട് കൊതി തോന്നിയെങ്കിലും ഹൃദയത്തില് ഉള്ളിലുള്ള ആ പേടി ഒന്നിനും കഴിഞ്ഞില്ല എങ്കിലും കത്ത് വാങ്ങിക്കുമ്പോള്‍ ഉണ്ടായ ആ കൈകളുടെ വിറയല്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു .
ആ പ്രണയ ലേഖനം അതൊരു നിധി പോലെ അവള്‍ സൂക്ഷിച്ചു വെക്കുമെന്ന് താന്‍ ഒട്ടും കരുതിയില്ല്യ .. അതായിരുന്നു അവള്‍ ചെയ്ത തെറ്റ് .. ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സിലെപ്പോഴും തോന്നുന്ന തെറ്റ് കൊടുത്തതും വാങ്ങിച്ചതും അത് സൂക്ഷിച്ചു വെച്ചതും തെറ്റ് അതുകൊണ്ടാണല്ലോ അവളുടെ അമ്മ അത് കണ്ടതും അവള്‍ക്കു ജീവന്‍ പോലും കളയാന്‍ തോന്നിയതും .. എല്ലാവരും അവളെ ആയിരുന്നു കുറ്റപെടുത്തിയത് .. പെണ്‍കുട്ടിയായ അവളായിരുന്നു എല്ലാം ഓര്‍ക്കേണ്ടതെന്ന് .. പക്ഷേ സ്നേഹിച്ച രണ്ടു മനസ്സുകളെ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല . എല്ലാവരും അവളെ കുറ്റപ്പെടുത്തിയപ്പോള്‍ അവള്‍ തന്നെ നോക്കിയ ആ നോട്ടം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു അവള്‍ തന്നേക്കാള്‍ മുന്നേ ഈ ഭൂമിയില്‍ ജനിച്ചു . . അതായിരിക്കാം എല്ലാവരും തങ്ങളില്‍ കണ്ട തെറ്റ് .പാവം തന്‍റെ ദേവുട്ടി തനിക്കു വേണ്ടി എല്ലാ തെറ്റും അവള്‍ ഏറ്റെടുത്തു . സ്വയം ജീവന്‍ കളയാന്‍ നോക്കി .
     അവളുടെ ജീവന്‍ പോയി എന്നുകരുതി ആണ് താന്‍ ആ നാടും വീടും വിട്ടത് .. എല്ലാം ഉപേക്ഷിച്ചു കല്‍ക്കട്ട തെരുവില്‍ അഭയം പ്രാപിച്ചത് .. തനിക്കും സ്വയം മരിക്കണമെന്ന് കരുതിയതാണ് പക്ഷേ അന്ന് നടന്നില്ല പിന്നീട് ശ്രമിചില്ല്യ .. ഇന്നത്‌ നന്നായെന്നു തോന്നുന്നു .. അല്ലെങ്കില്‍ കാലങ്ങള്‍ക്ക് ശേഷം താന്‍ അവളുടെ ആങ്ങളയെ കണ്ടുമുട്ടുകയോ അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുകയോ ഇല്ലല്ലോ .. എല്ലാം ഒരു നിമിത്തം .. അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ ആ നിമിഷം താന്‍ പുറപ്പെട്ടതാണ് .. ഇനി ഏതാനും മണിക്കൂറുകള്‍ക്കകം താന്‍ തന്‍റെ ദേവുട്ടിയുടെ അരികിലെത്തും.തന്നെയും കാത്തു ആ പൂമുഖപടിയില്‍ ഇരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയില്‍ അയാള്‍ തന്‍റെ കണ്ണുകള്‍ മെല്ലെ അടച്ചു ..
                 *                 *                      *                      *                         *                       *
                      എഴുത്ത് നിര്‍ത്തി ശ്രീദേവി പേന ആ കടലാസിനു മുകളില്‍ വെച്ചു  . കണ്ണട മെല്ലെ ഊരി ആ മേശപുറത്ത്‌ വെച്ചു രണ്ടു കൈകള്‍ കൊണ്ടും നിറഞ്ഞു തുളുംബിയ ആ കണ്ണുകളും മുഖവും അമര്‍ത്തി തുടച്ചു . അറിയാതെ ആ കണ്ണുകള്‍ ചുവരില്‍ തൂക്കിയിട്ടിരുന ഫോട്ടോയിലേക്ക് നോക്കി .. തന്‍റെ ജീവന്‍ പോയെന്നുകരുതി .. താന്‍ ഈ ഭൂമിയില്‍ ഇല്ലെന്നു കരുതി ഈ നാട് വിട്ടു പോയ തന്‍റെ എല്ലാം എല്ലാമായിരുന്ന കിച്ചന്‍ .. നിറഞ്ഞൊഴുകിയ കണ്ണുകള്‍ ഒന്നുകൂടെ അമര്‍ത്തി തുടച്ച്‌ ശ്രീദേവി ആ കഥയുടെ അവസാന ഭാഗം ഒന്നുകൂടെ വായിച്ചു .. ഈ കഥ മാത്രം അവള്‍ എഴുതാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങള്‍ ആയിരിക്കുന്നു .. .. ഈ കഥയുടെ അവസാനം പോലെ തന്‍റെ കിച്ചനും വരുമെന്ന് അവളുടെ മനസ്സ് പ്രതീക്ഷിച്ചു

ഇനി യാത്ര തുടങ്ങട്ടെ

ആകാശങ്ങള്‍ക്കുമപ്പുറം മനോഹരമായ ഒരു  ലോകമുണ്ടെന്ന് മുത്തശ്ശി ആയിരുന്നു എന്നോടാദ്യം പറഞ്ഞത് .... അന്ന് താന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന പൂച്ചക്കുഞ്ഞ് ചത്തപ്പോള്‍  ആ ജീവനില്ലാത്ത ശരീരത്തെ വിളിച്ചുണര്‍ത്താന്‍ ശ്രെമിക്കകയായിരുന്ന തന്നെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി തന്റെ കുഞ്ഞി കണ്ണുകള്‍ തുടച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു ... " ഈ ആകാശത്തിനും അപ്പുറത്ത് മരിച്ചു പോയവര്‍ക്ക് കഴിയാനായി മനോഹരമായ ഒരു ലോകമുണ്ട് .. അവിടെ അവര്‍ സന്തോഷത്തോടെ കഴിയും .. അവരെ സ്നേഹിക്കാനും അവര്‍ക്ക് സ്നേഹിക്കാനും അവിടെ ഒരുപാടു മാലാഖമാര്‍ ഉണ്ട് " .. എല്ലാം കേട്ട് തല കുലുക്കി  മുത്തശ്ശിയെ നോക്കി .പക്ഷേ  തനിക്കു  തന്റെ  പൂച്ചക്കുഞ്ഞിനെ  കാണാനാവില്ലല്ലോ  എന്ന്  പറഞ്ഞു വീണ്ടും  കരഞ്ഞപ്പോള്‍ രാത്രിയില്‍ ആകാശത്ത് തന്നെ കാണാന്‍ ഒരു കുഞ്ഞു നക്ഷത്രമായി ആ പൂച്ചക്കുഞ്ഞു വരുമെന്ന് പറഞ്ഞു മുത്തശ്ശി തന്റെ കണ്ണുകള്‍ തുടച്ചു  . ആകാശത്തിനും അപ്പുറമുള്ള ലോകത്തേക്ക് അന്ന് മുതല്‍ തനിക്കും യാത്ര പോകണമെന്ന ആഗ്രഹമായിരുന്നു . 
        
               കുറച്ചു സമയത്തിനുള്ളില്‍ താന്‍ യാത്രയാകും ഈ ലോകത്തില്‍ നിന്നു തന്നെ .. പുറത്തിപ്പോള്‍ കൂരാകൂരിരുട്ടായിരിക്കും . വളരെ നിശബ്ദമായ അന്ധരീക്ഷം ഇടക്ക് അകലെ നിന്നു ഏതോ ട്രെയിന്‍ പോകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് . ഒരു കൊതുക് പോലും ഇവിടം വരാന്‍ മടിക്കുന്നു . ഒരു യാത്രക്ക് വേണ്ടി കാത്തിരിപ്പ് വളരെ  മുഷിപ്പാണ് .. കുട്ടിക്കാലത്ത് ആദ്യമായി മുത്തശ്ശിയോടൊപ്പം ഗുരുവായുര്‍ക്ക് പോകുന്നതിന്റെ തലേ ദിവസം രാത്രി താന്‍ ഉറങ്ങിയിരുന്നില്ല .എല്ലാ മലയാള മാസം ഒന്നാം തിയതിയും മുത്തശ്ശി ഗുരുവായുരപ്പനെ തൊഴാന്‍ പോകാറുണ്ടായിരുന്നു . കുട്ടിയായിരുന്ന തന്നെ തിരക്കില്‍ പെട്ട് പോകും എന്ന് പറഞ്ഞു മുത്തശ്ശിശി ഒരിക്കലും കൂടെ കൂട്ടിയിരുന്നില്ല്യ . പക്ഷേ തന്റെ കരച്ചില്‍ സഹിക്ക വയ്യാതെ ആണ് അന്നൊരിക്കല്‍ ഗുരുവായുര്‍ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞത് . അന്ന് രാത്രി തനിക്കൊരിക്കലും ഉറങ്ങാന്‍ കാഴ്ഞ്ഞില്ല്യ. വീടിനടുത്തുള്ള പാളത്തില്‍ കൂടെ ഓരോ ട്രെയിന്‍ പോകുന്നതും എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു പിറ്റേന്ന് പോകുന്ന യാത്രയെപ്പറ്റി ആലോചിച്ചു കൊണ്ട് . ഒരു ഏഴു വയസ്സുകാരന് അന്ന് അതൊരു വല്യ യാത്രയായിരുന്നു ഇന്ന് ഈ ഇരുപത്തെട്ടാം വയസ്സിലും  തന്റെ മനസ്സു ആ ഏഴു വയസുകാരനിലേക്ക് മടങ്ങിപ്പോകുന്നു .
                                
                 ഒരു കൊലപാതകിക്കു കിട്ടേണ്ട ശിക്ഷ തന്നെയാണ് തനിക്കു കിട്ടിയിരിക്കുന്നത് . താന്‍ ചെയ്തത് തന്റെ മനസ്സക്ഷിക്ക്  തെറ്റല്ലെങ്കിലും ഒരു ജീവന്‍ എടുക്കാന്‍ തനിക്കു അവകാശം ഇല്ലാത്തത് കൊണ്ട് തന്നെ താന്‍  ഈ  ശിക്ഷ അര്‍ഹിക്കുന്നു . ഒരു കോഴിയെ പോലും കൊല്ലാന്‍ കഴിയാതിരുന്ന താനിന്നു ഒരു കൊലപാതകി ആയിരിക്കുന്നു മൂന്നു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിലാണ് താന്‍ ആ കര്‍മം  നിറവേറ്റിയത് . കാത്തിരുന്നു ദിവസങ്ങള്‍ . ഓരോ ദിവസവും അവന് വേണ്ടിയുള്ള കത്തിക്ക് മൂര്‍ച്ച കൂട്ടുമായിരുന്നു . ഒറ്റ കുത്തിനു  തന്നെ  തീര്‍ക്കാന്‍ തനിക്കു കഴിഞ്ഞില്ല . തന്റെ ഓരോ കുത്തിനും അവന്‍റെ പുളയല്‍  ഇപ്പോഴും കണ്മുന്നില്‍ ഉണ്ട്  തന്റെ കൈകള്‍ക്ക് ഇന്നും അവന്‍റെ ചോരയുടെ മണമാണ്  തനിക്കു അനുഭവപെടുന്നത് . താനും അവനും രണ്ടു പാര്‍ട്ടിയില്‍ ആയിരുന്നത് കൊണ്ട് അതൊരു രാഷ്ട്രിയ കൊലപാതകമാണെന്ന് പലരും വിശ്വസിക്കുന്നു . അവനെ കൊന്നതിനു ശേഷം ഒരിക്കല്‍ പോലും താന്‍ ഉരിയാടിയിട്ടില്ല . കോടതിയില്‍ വകീല്‍ ചോദിച്ച ചോദ്യത്തിന് മുഴുവന്‍ മൌനമായിരുന്നു ഉത്തരം . തെളിവുകളും സാക്ഷി മൊഴികളും തനിക്കു പ്രതികൂലമായിരുന്നത് കൊണ്ട് വധശിക്ഷ തന്നെ കിട്ടി . 
                        
                        ഏതു  നിമിഷത്തിലാണ് താന്‍  ആ തീരുമാനം എടുത്തത്‌ . തന്റെ കയ്യില്‍ കിടന്നു തന്റെ കുഞ്ഞു പെങ്ങള്‍ പിടഞ്ഞു മരിച്ചപ്പോഴോ .. അതോ  കത്തുന്ന ചിതക്കരികില്‍ നിന്നു അസ്തമയ സൂര്യനെയും അവളുടെ ആത്മാവിനെയും സാക്ഷിയാക്കി താന്‍ എടുത്ത തീരുമാനമോ. എന്തായാലും തന്റെ തീരുമാനം ഒരിക്കലും തെറ്റായിരുന്നു എന്ന് ഈ നിമിഷവും തന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല  . പക്ഷേ ഒരച്ഛന്റെ സ്നേഹം നിഷേധിക്കാന്‍ തനിക്കു അവകാശം ഉണ്ടോ .എന്ന് മാത്രമാണ് . ഇന്നും എന്നും തന്നെ അലട്ടിയ ചോദ്യം . ക്രൂരനെന്നു ലോകം വിധി എഴുതിയപ്പോഴും തെറ്റ് ചെയ്തു എന്ന് മനസ്സിന് തോന്നിയിട്ടില്ലാരുന്നു . തല ഉയര്‍ത്തിപിടിച്ചു തന്നെയാണ് ശിക്ഷ വിധിക്കുമ്പോഴും നിന്നത് . 
                                    
  
                   അച്ഛനും അമ്മയും ഇല്ലാതിരുന്ന തന്നെയും അനിയത്തിയെയും മുത്തശ്ശി ആയിരുന്നു നോക്കിയിരുന്നത് . അവള്‍ക്കു പതിനേഴു വയസ്സും തനിക്കു ഇരുപത്തഞ്ചും  വയസ്സുള്ളപ്പോഴാണ് മുത്തശ്ശി തങ്ങളെ വിട്ടുപോയത് . മരണകിടക്കയില്‍ വെച്ചു മുത്തശി പറഞ്ഞത് അവളെ നല്ല പോലെ നോക്കണം എന്നാണു . അവളെ ഒറ്റക്കാക്കി എങ്ങും പോകരുതെന്നും അമ്മയില്ലാത്ത പെന്ക്കുട്ടിയാണ് സ്രെധിക്കണം എന്ന്  . പക്ഷേ മുതഷിക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ തനിക്കായില്യ .. ഒരു എട്ടന് എത്ര തന്നെ ആയാലും ഒരു അമ്മയുടെ അത്രത്തോളം  എത്താന്‍ കഴിയില്ലല്ലോ . ആത്മാര്‍ത്ഥ സുഹൃത്തിനെ അമിതമായി വിശ്വസിക്കുകയും ചെയ്തു .  അവന്‍റെ പെങ്ങളെ താന്‍ പെങ്ങളായി കാണുന്ന പോലെ അവനും തന്റെ പെങ്ങളെ കാണുമെന് കരുതിയ തനിക്കു തെറ്റി . ഭാര്യയും കുട്ടിയുമുള്ള അവന് തന്റെ മീനു കുഞ്ഞനിയതിയാണെന്ന് താന്‍ കരുതി . പാവം അവള്‍ക്കും തന്നെ പോലെ തന്നെ ആയിരുന്നില്ല്യെ അവന്‍ . തനിക്കു വിളമ്പി തരുന്ന പോലെ എത്ര തവണ അവനും അവള്‍ സ്നേഹത്തോടെ ചോറ് വിളംബിയിരിക്കുന്നു . നശിച്ച ആ യാത്രയാണ് തനിക്കെല്ലാം നഷ്ട്ടമാക്കിയത് . പോകണ്ടായിരുന്നു  എന്ന് പിന്നീട് പലപ്പോഴും തോന്നിയ യാത്ര . 
       
                  തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ മീനുവിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുകയായിരുനു . താന്‍ വൈകിയത് കൊണ്ടാകുമെന്ന് കരുതി . പുറത്തു പോയി വരുമ്പോള്‍ അവള്ക്കയി  താനെന്നും മിട്ടായി കരുതാറുണ്ടായിരുന്നു . എത്ര പിണങ്ങിയാലും അത് കൊടുക്കുമ്പോള്‍  അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും . അവളും താനും വലുതായിട്ടും മാറാത്ത ഒരു ശീലമായിരുന്നു അത് . പക്ഷേ അന്ന് അത് കൊടുത്തപ്പോള്‍ വാങ്ങി അലസമായി മേശപുറത്ത്‌ വെച്ചതല്ലാതെ അവളുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല്യ . രാവിലെ താന്‍ ഉണരുമ്പോള്‍ ആ മേശപുറത്ത്‌ അപ്പോഴും താന്‍ കൊടുത്ത  മിട്ടയികള്‍ ഉറുമ്പ് അരിച്ചു കിടക്കുകയായിരുന്നു . എന്ത് പറ്റി ഈ പെണ്ണിന് എന്നാലോചിച്ചു കൊണ്ടാണ് താന്‍ മുറ്റത്തിറങ്ങിയത് . അകലെ നിന്നും അവള്‍ റെയില്‍വേ പാളത്തിനടുത്തുള്ള  മരത്തില്‍ ചാരി എന്തോ ആലോചിച്ചു നില്‍ക്കുകയായിരുന്നു . താന്‍ അടുത്ത് ചെന്നതോന്നും അറിയാതെ ആകാശത്തേക്കും നോക്കി ഒരേ നില്‍പ്പ് . മോളെ എന്നും വിളിച്ചു ആ തോളില്‍ പിടിച്ചപ്പോഴാണ് അവള്‍ ഞെട്ടി തന്നെ നോക്കിയത് . തന്റെ കൈകളില്‍ അവളുടെ വിറയല്‍ അറിയാമായിരുന്നു . തന്റെ മുഖത്തേക്ക് നോക്കിയാ  ആ കണ്ണുകള്‍ നിറഞ്ഞൊഴുകയായിരുന്നു . ഒന്നും മിണ്ടാതെ ഒരു കടലാസ് തുണ്ട് തന്റെ കയ്യില്‍ തന്നതിന് ശേഷം തന്റെ കൈകള്‍ തട്ടിമാറ്റിക്കൊണ്ട് തനിക്കു തടയാന്‍ കഴിയുന്നതിനു മുന്നേ അവള്‍ ആ ട്രെയിനിനു മുന്നില്‍ ചാടി കഴിഞ്ഞിരുന്നു . ട്രെയിന്‍ തട്ടി അവള്‍ തന്റെ മുന്നിലെക്കാണ് തെറിച്ചു വീണത്‌ . ഓടിച്ചെന്നു  അവളെ കൊരിയെടുക്കുമ്പോഴും ഒരു കുഞ്ഞു ജീവന്‍ ബാക്കി ഉണ്ടായിരുന്നു പക്ഷേ തന്റെ കവിളില്‍ കൈകള്‍ ചേര്‍ത്ത് അവനെ കൊല്ലണം എന്ന് പറഞ്ഞു അവള്‍ പിടഞ്ഞു മരിച്ചപ്പോള്‍ . .... പകയായിരുന്നു പിന്നീട് ഓരോ നിമിഷവും . ആ കത്ത് ഇടക്കൊക്കെ ഇരുന്ന് വായിക്കും . അവള്‍ അവസാനമായ് തനിക്കായ് കുറിച്ച വാക്കുകള്‍ .. തന്റെ പെങ്ങളുടെ മരണത്തിനു കാരണമായവന്‍  തന്നെ അവളുടെ മരണ ശേഷം എല്ലാറ്റിനും ഓടി നടന്നു . അവനെ കൊല്ലാന്‍ നല്ല ഒരു സമയം ഒത്തു കിട്ടാന്‍ താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു . അവളുടെ മരണം എന്തിന് വേണ്ടി എന്ന് ആരും അറിഞ്ഞില്ല . പാലത്തില്‍ കാലു കുരുങ്ങി അറിയാതെ ട്രെയിനിനു മുന്നില്‍ പെട്ടതാണെന്ന് പലരോടും താന്‍ കള്ളം  പറഞ്ഞു  തന്റെ പെങ്ങള്‍  കളങ്കപ്പെട്ടവളാണെന്ന്  മറ്റുള്ളവര്‍ അറിയാതിരിക്കാന്‍  ..അവന്‍റെ മരണം പോലും താന്‍ വൈകിച്ചു അവളുടെ മരണത്തിനു കാരണക്കാരന്‍ അവനാണെന്നറിയാതിരിക്കാന്‍.            
 
**                                   **                                      **                                             ** 
 
                      ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍  താന്‍ ഇവിടെ നിന്നു യാത്രയാകും ..തിരിച്ചു വരവില്ലാത്ത ഒരു വലിയ യാത്ര .. മരണം ആകാശത്തിനുമപ്പുറത്തേക്കുള്ള മനോഹര ലോകത്തേക്ക് . തനിക്കായ് കാത്തിരിക്കാന്‍ ഒരു പാട് ഹൃദയങ്ങള്‍ ഉണ്ടവിടെ അതുകൊണ്ട് തന്നെ  ഈ യാത്ര സന്തോഷകരം തന്നെ . കറുത്ത തുണികുള്ളില്‍ തന്റെ കണ്ണുകള്‍ മൂടപെട്ടു കഴിഞ്ഞു .  ആ കറുത്ത തുണിക്കുള്ളില്‍ തന്റെ തലയും മൂടിക്കഴിഞ്ഞിരിക്കുന്നു .പിന്നില്‍ കെട്ടിയിരിക്കുന്നത് കാരണം ചെറിയ ഒരു വേദന ഉണ്ട് കൈകള്‍ക്ക് . കഴുത്തില്‍ കയര്‍ ഇട്ടപ്പോള്‍ കഴുത്തില്‍ ചെറുതായി ഒരു ഇക്കിളി വന്നു .. ഇനി യാത്ര തുടങ്ങട്ടെ ....
 

മഴ നൂലുകള്‍ക്കിടയിലൂടെ നിലാവിനെ കാത്തിരിക്കുമ്പോള്‍

                       ഇരുളില്‍ അകലെ എവിടെയോ ഇരുന്നു ഒരു പക്ഷി അതിന്റെ ഇണയെ വിളിക്കുന്നു .. ചീവിടുകളുടെ മനം മടുപ്പിക്കുന്ന ശബ്ദം. പുറത്തു ചെറിയ ചാറ്റല്‍ മഴയുണ്ട് . ഈ ശബ്ദങ്ങള്‍ക്കിടയിലും ഒരു ഏകാന്തത അവളെ അലട്ടികൊണ്ടിരുന്നു  . കുറെ നേരമായി അവള്‍ ആ ജനലഴികളില്‍ പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട് . അഴിച്ചിട്ട മുടി മുട്ടോളം ഉണ്ട് . മിഴിനീര്‍ തിളങ്ങി നില്‍ക്കുന്ന കണ്ണുകള്‍ .ആരെയോ കാത്തുനില്‍ക്കുന്ന പോലെയുള്ള അക്ഷമയായ മുഖ ഭാവം . കറുത്ത കരയുള്ള സെറ്റ് മുണ്ടാണ് വേഷം . ഇടയ്ക്ക് എന്തോ ആലോചിക്കുന്ന പോലെ കണ്ണടക്കാതെ ഒരു നില്‍പ്പ് . തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ് വീശുന്നു .. ആ കാറ്റില്‍ അവളുടെ മുടിയിഴകള്‍ താളത്തില്‍ ഇളകുന്നുണ്ട് .

         പുറത്തു മഴയ്ക്ക് ശക്തി കൂടുന്നുണ്ട് . മഴക്കൊപ്പം പെയ്യുന്ന കാറ്റില്‍ മഴത്തുള്ളികള്‍ അവളുടെ മുഖത്തു ചിത്ര പണികള്‍ നടത്തുന്നു. മഴ അവളെ നനയിച്ചു തുടങ്ങിയിട്ടും അവിടെ നിന്നു മാറാതെ ജനലരികില്‍ തന്നെ അവള്‍ നിന്നു .

                     മഴ എന്നും അവളുടെ പ്രിയപ്പെട്ടതായിരുന്നു . അവളുടെ ബാലു ഏട്ടനെ പോലെ അവളുടെ മോനുട്ടനെ പോലെ ..  
         ഒരു ദിവസം പോലും ബാലു ഏട്ടനും മോനും ഇത്ര വൈകിയിട്ടില്ല ഇന്നെന്തു പറ്റി . അവളുടെ മുഖത്ത് അക്ഷമയും പേടിയും നിഴലിക്കാന്‍ തുടങ്ങി .

                ജീവിതത്തില്‍ തനിക്കെല്ലാം ഉണ്ടായിരുന്നു . ഇത്ര സന്തോഷം ഒരാള്‍ക്കും ദൈവം കൊടുത്തു കാണില്ല .. ഒരു ദിവസം പോലും തങ്ങള്‍ പിരിഞ്ഞിരുന്നിട്ടില്ല . 4 വര്‍ഷത്തെ പ്രണയത്തിനു ശേഷം ഉണ്ടായ വിവാഹം .. അച്ഛനും അമ്മയ്ക്കും ഏട്ടന്മാര്‍ക്കും ഒക്കെ ഇഷ്ടമായി . എല്ലാവരുടെയും അനുഗ്രഹത്താല്‍ മംഗളകരമായി തങ്ങളുടെ വിവാഹം .ഒരിക്കല്‍ പോലും താന്‍ കരയാന്‍ തന്റെ ബാലു ഏട്ടന്‍ സമ്മതിച്ചില്ല. ഒരിക്കല്‍ പോലും തങ്ങള്‍ വഴക്കിട്ടിട്ടില്ല, പിണങ്ങി ഇരുന്നിട്ടില്ല . തമാശക്ക് പോലും തന്നെ വഴക്ക് പറഞ്ഞിട്ടില്ല .
              തങ്ങളുടെ സ്നേഹ കൂട്ടിലേക്ക് ഒരാള്‍ കൂടെ വന്നപ്പോള്‍  ഏട്ടനായിരുന്നു ഏറെ സന്തോഷം . മോന് ഒരു പനിവന്നാല്‍ തന്നെക്കാള്‍ സങ്കടം ഏട്ടനായിരുന്നു . അവന്‍റെ ഓരോ വാശിയും എന്തിനാണെന്നും അവന്‍ കരയുന്നതും ചിരിക്കുന്നതും എന്തിനാണെന്നും ഒരു അമ്മയായ തന്നെക്കാള്‍ കൂടുതല്‍ എട്ടനറിയാമായിരുന്നു .
            അവന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവനും അച്ഛനെ പോലെ മുടിചീകി വെച്ചു . അച്ഛനെ അവന്‍ അനുകരിക്കാന്‍ തുടങ്ങി .

      ഏട്ടന്‍ ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ ഒരു കോലാഹലമായിരുന്നു . അച്ഛനും മകനും തമ്മില്‍ സുഹൃത്തുക്കളെ പോലെ ആയിരുന്നു . മോനോട് ആരാ ബെസ്റ്റ് ഫ്രണ്ടെന്നു ചോദിച്ചാല്‍ അവന്‍ അച്ഛനെന്നു പറയും . മോന് ബൈക്കില്‍ കയറി യാത്ര  വല്യ ഇഷ്ട്ടമാണ് . എന്നും ജോലി കഴിഞ്ഞു വന്നാല്‍ അച്ഛനും മോനും കറങ്ങാന്‍ പോകും . ഇടക്ക് അച്ഛനും മകനും പിണങ്ങുന്നതും കാണാം . താന്‍ കളിയാക്കി ചിരിക്കുമ്പോള്‍ രണ്ടാളുടെയും ചമ്മുന്ന മുഖം കാണാന്‍ നല്ല ചേലായിരുന്നു . ആ കാര്യം ഓര്‍ത്തു സുമിത്ര അറിയാതെ ചിരിച്ചു പോയി .
             മഴ നനയാനും രണ്ടാള്‍ക്കും ഇഷ്ട്ടമായിരുന്നു . ഇപ്പോള്‍ എവിടെയെങ്കിലും കളിച്ചു നില്‍ക്കുന്നുണ്ടാകും . ഇന്ന് കറങ്ങാന്‍ ഇറങ്ങിയപ്പോള്‍ മഴ പെയ്യുന്നുണ്ട് പോകണ്ട എന്ന് പറഞ്ഞതാ രണ്ടാളോടും . കേട്ടില്ല ഇങ്ങു വരട്ടെ ഇന്നെന്തായാലും നല്ല വഴക്ക് പറയണം .
                  സുമിത്ര പിന്നെയും അക്ഷമയായി .. അവളുടെ കാത്തിരിപ്പിനൊടുവില്‍ അവര്‍ വന്നു.  . പക്ഷേ സുമിത്ര മുറ്റത്തിറങ്ങി ചെന്നില്ല ആദ്യമായി അവള്‍ പിണങ്ങാന്‍ തയ്യാറെടുത്തു . അച്ഛനും മകനും മുറിയില്‍ കയറി വന്നു അവള്‍ തിരിഞ്ഞു നോക്കിയില്ല
"സുമി" ബാലു വിളിച്ചു . ആദ്യമ്മായി ബാലു സുമിത്രയെ കണ്ടപ്പോള്‍ അങ്ങനെയാണ് വിളിച്ചത് പിന്നെ എന്നും സുമികുട്ടി അങ്ങനെ ആയിരുന്നു . അവള്‍ തിരിഞ്ഞില്ല "

പിണക്കാണോ സുമികുട്ടി" ബാലു പിന്നെയും ചോദിച്ചു . "അമ്മേ" മോനുട്ടന്റെ വിളിയാണ് "നാളെ നേരത്തെ വരാം അമ്മേ" അവള്‍ ചിരി വന്നിട്ടും ഗൌരവത്തില്‍ നിന്നു.
"നിന്‍റെ അമ്മ പിണക്കമാടാ നമ്മളോട്.. നമ്മക്ക് പോകാം" ബാലു മോനോട് പറഞ്ഞു .
സുമിത്ര മനസ്സില്‍ വഴക്കിടണമെന്നു കരുതിയതൊക്കെ മറന്നു .അവള്‍ വേഗം തിരിഞ്ഞു നിന്നെ അവരെ നോക്കി . അവര്‍ പുറത്തിറങ്ങി നടന്നു മഴയിലൂടെ .അവള്‍ ഉറക്കെ അവരെ തിരിച്ചു വിളിച്ചുകൊണ്ട് അവരുടെ പിന്നാലെ ഓടി  . പക്ഷേ..,  സുമിത്രക്ക് കാലിലെ ചങ്ങല ഒരു തടസമായിരുന്നുഅവരുടെ പിന്നാലെ ഓടിയ സുമിത്ര കാലില്‍ കെട്ടിയ ചങ്ങല തടഞ്ഞു നിലത്ത് വീണു . അവള്‍ വേദന മറന്നു വീണ്ടും എഴുന്നേറ്റു  . കാലിലെ ചങ്ങല അവള്‍  വലിച്ചൂരാന്‍ നോക്കിയിട്ടും സാധിച്ചില്ല . അവള്‍ വീണ്ടും  ആ ജനാലക്കരികില്‍ പോയി പുറത്തേക്കു നോക്കി നിന്നു .പിണക്കം മാറി ആ മഴനൂലുകള്‍ക്കിടയിലൂടെ തന്റെ ബാലു ഏട്ടനും മോനും വരുന്നതും കാത്ത്..........


                                                                ശ്രീകുട്ടി

Friday 1 February 2013

ആത്മാവിന്റെ നൊമ്പരം..

നിശബ്ധമായ അന്തരീക്ഷം. ഇടക്ക് ആരുടെയൊക്കെയോ തേങ്ങലുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു . അമ്മ  ഇടക്കിടെ എങ്ങലടിക്കുന്നുണ്ട്. കത്തിച്ചു വെച്ച നിലവിളക്ക് നല്ല ശോഭയോടെ കത്തുന്നു .  ചന്ദനത്തിരിയുടെ പുക ചുരുളുകള്‍ വായുവില്‍ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരിക്കുന്നു . എനിക്കൊരിക്കലും ഇഷ്ട്ടമില്ലാത്തതാണ് ഈ ചന്ദനത്തിരിയുടെ ഗന്ധം എനികിലും ഇന്ന് സഹിച്ചേ പറ്റു .. അതുകൊണ്ട് കുറെ നേരം ചന്ദന തിരിയുടെ പുക വായുവില്‍ അലിഞ്ഞു ചേരുന്നതും നോക്കിയിരുന്നു ..             ആരൊക്കെയോ വരുന്നു . ഉമ്മറത്ത്‌ നിന്ന് ഒന്ന് എത്തി നോക്കിയാ ശേഷം അടുത്ത് നില്‍ക്കുന്നവരോട് എന്തോ മെല്ലെ പറയുന്നു . മുറ്റത്തൊരു വണ്ടി വന്നുനിന്ന ശബ്ദം കേട്ടു. അമ്മയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് ആരാ വന്നതെന്ന് നോക്കിയത്  ചെറിയമ്മയാണ്. അമ്മ എന്തിനാണ് ഇത്ര ഉറക്കെ കരയുന്നത്. എനിക്ക്  അമ്മ കരയുന്നത് കാണുമ്പോള്‍ സങ്കടമാണ് വരാറ്. പക്ഷേ, അത് മറച്ചു വെച്ചു എപ്പോഴും അമ്മയോട് ദേഷ്യപെടുകയാണ്  പതിവ്.  എല്ലാവരും കരയുമ്പോള്‍ എനിക്കും ഒരുപാട്  സങ്കടം വരുന്നുണ്ട് .  മറ്റുള്ളവരുടെ മുന്നില്‍ കരയുന്നത് എനിക്കെപോഴും നാണക്കേടായിട്ടാണ് തോന്നാറ്  . പലപ്പോഴും എന്‍റെ  കരച്ചില്‍ തൊണ്ടക്കുഴിയില്‍ തടഞ്ഞു നിന്നിട്ടുണ്ട്. വായ പൊത്തി കണ്ണുകള്‍  ഇറുക്കിയടച്ചു പലപ്പോഴും ഞാന്‍ കരച്ചില്‍  തടഞ്ഞു നിര്‍ത്തിയിരുന്നു . ഇന്നും എനിക്കതിനേ  കഴിയുന്നുള്ളൂ .
             ചന്ദനത്തിരിയുടെ മണം സഹിക്കാന്‍ പറ്റാതായപ്പോഴാനു ഞാന്‍ മെല്ലെ പുറത്തിറങ്ങിയത് . ഉമ്മറതെതിയപ്പോള്‍ ചെറിയച്ചന്മാരും നാട്ടിലുള്ള ചേട്ടന്മാരും ഒക്കെ ഉണ്ട് . കണ്ണുകള്‍ കൊണ്ട് മെല്ലെ ഒന്ന് വട്ടം ചുറ്റി നോക്കി അച്ഛന്‍  എവിടെ എന്ന് . മുറ്റത്തെ  മാവില്‍ ചോട്ടിലിട്ടിരിക്കുന്ന കസേരകളില്‍ ഒന്നില്‍   അച്ഛനെ  കണ്ടു . അച്ഛന്റെ  മുഖത്തേക്ക് നോക്കിയപ്പോള്‍  അധിക സമയം അവിടെ നില്‍ക്കാന്‍ തോന്നിയില്ല കണ്ണീര്‍  പൊഴിക്കുന്നില്ലെങ്കിലും ആ മനസ്സിന്റെ വിഷമം എനിക്കറിയാം . ഇനിയും അവിടെ നിന്നാല്‍ ഞാനും പൊട്ടി കരഞ്ഞു പോകും. എല്ലാവരുടെ മുന്നിലും പൊട്ടിച്ചിരിച്ചു കൊണ്ട് അവരെ സന്തോഷിപ്പിചിരുന്നതാണ് ഞാന്‍. എന്റെ ഒരു തുള്ളി കണ്ണുനീര്‍  അവരെ എത്രമാത്രം വേദനിപ്പിക്കുമെന്നു എനിക്കറിയാം .
                 മെല്ലെ അവിടെ നിന്നും അകത്തേയ്ക്ക് പോന്നു . ഇനി അമ്മയുടെ അരികിലേക്ക് പോകുന്നില്ല . അമ്മയുടെ കരച്ചില്‍ കണ്ടാല്‍  എനിക്കിനി സഹിക്കാന്‍ പറ്റിയെന്നു വരില്ല അറിയാതെ ഞാനും കരഞ്ഞു പോകും . അനിയത്തി എവിടെയെന്നു നോക്കി. അകത്തെങ്ങും കാണുന്നില്ല. മുറിയിലാവും, എന്‍റെ ഊഹം തെറ്റിയില്ല. അവള്‍ ഞങളുടെ മുറിയില്‍  കിടക്കുകയായിരുന്നു.  അവള്‍ കിടക്കുകയാണ് പാവം ഒരുപാട് കരഞ്ഞു. കരയരുതെന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല  അവള്‍, ഇപ്പോള്‍ കണ്ടില്ലേ കരഞ്ഞു കരഞ്ഞു തലവേദന വന്നത്. അവള്‍ടെ അരികില്‍ ഇരുന്നു ആ തലയില്‍ മെല്ലെ തടവികൊണ്ടിരുന്നു. അങ്ങനെ എങ്കിലും ആ തല വേദന കുറയട്ടെ. എന്റെ ഏറ്റവും നല്ല സുഹൃത്തും എന്നെ ഏറ്റവും കൂടുതല്‍  എന്നെ വിമര്‍ശിക്കുന്നതും  ഇവളായിരുന്നു.  എന്റെ കൂട്ടുകാര്‍ എല്ലാവരും വായിച്ചു നല്ലതാണെന്നു പറഞ്ഞ കഥകള്‍  മോശമാണെന്നെ ഇവള്‍ പറയു . നല്ലതാണെന്ന് അവളും കൂടെ പറഞ്ഞാല്‍ എനിക്ക് അഹങ്കാരം വരുമെന്നാണ് അവളുടെ കണ്ടുപിടിത്തം .
               
 എല്ലാവരും വന്നെന്നു തോന്നുന്നു  അതായിരിക്കാം  കര്‍മ്മം ചെയ്യാനുള്ള പുറപ്പാടിലാണ്. പൂജാരിയും എത്തിയിട്ടുണ്ട്  അച്ഛനാണ് കര്‍മ്മം ചെയ്യുന്നതും. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഇലയില്‍ എള്ളും അരിയും. കയ്യില്‍  മോതിരവിരലില്‍ ദര്‍ഭ കെട്ടിയിരിക്കുന്നു. പൂജാരി പതുക്കെ പറഞ്ഞു കൊടുക്കുന്ന മന്ത്രങ്ങള്‍  വളരെ വ്യക്തമായി കേള്‍ക്കാം അത്ര നിശബ്ദമാണ് അവിടം  ഇടക്ക് ആരുടെയൊക്കെയോ തേങ്ങലുകള്‍ മാത്രം ആ നിശബ്തതക്ക് ഭംഗം വരുത്തുന്നു .

" മരിച്ച ആളുടെ പേരും നാളും പറഞ്ഞോളു "

         എന്‍റെ  പേരും നാളും പറഞ്ഞതും അച്ഛന്റെ  കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍  ഇറ്റിറ്റു വീണു. അമ്മയും അനിയത്തിമാരും പിന്നെ ആരൊക്കെയോ ഉറക്കെ കരയുന്നു. കണ്ണുനീരിന്‍റെ  നനുത്ത മൂടുപടം  കാരണം എനിക്കൊന്നും പിന്നെ കാണാന്‍ ഉണ്ടായിരുന്നില്ല . ആരോ തോളില്‍ വന്നു പിടിച്ചപോഴാണ്  തല ഉയര്‍ത്തി നോക്കിയത് . വെള്ള ഉടുപ്പിട്ട വെളുത്ത ചിറകുള്ള തിളങ്ങുന്ന കണ്ണുകളുള്ള ചിരിക്കുന്ന മുഖവുമായി രണ്ടു മാലാഖമാര്‍.

"പോകാം സമയമായി. ഇനി ഇവിടെ നില്ക്കാന്‍ പറ്റില്ല " അവരില്‍ ഒരാള്‍ എന്നോട് പറഞ്ഞു.
 എനിക്ക് പെട്ടന്ന് ദേഷ്യം വന്നു ഞാന്‍ അവരോടു ദേഷ്യത്തില്‍ പറഞ്ഞു 
"ഞാനില്ല ഇവരെ വിട്ടു ഒരിക്കലും ഞാന്‍ വരില്ല. എന്നെ കാണാതിരുന്നാല്‍ അമ്മ കരയും, എന്റെ അനിയത്തി അവളുടെ വിശേഷങ്ങള്‍  പിന്നെ ആരോട് പറയും എനിക്കൊരിക്കലും ഇവിടം വിട്ടു വരാന്‍ പറ്റില്ല , നിങ്ങള് പൊക്കോളൂ "
  
 " വന്നെ പറ്റു ഞങ്ങളുടെ ജോലി ഞങ്ങള്‍ക്ക് ചെയ്യണം . അവിടെ ചെന്ന്  തീരുമാനിക്കാം നിനക്ക് ഈ ഭൂമിയിലേക്ക്‌ വരണോ അതോ അവിടെ തന്നെ നില്‍ക്കണോ  എന്ന്. വരൂ പോകാം "

                 നിറഞ്ഞൊഴുകുന്ന എന്റെ  കണ്ണീരിനെയും വിലക്കുകളെയും അവഗണിച്ചു എന്റെ കൈ പിടിച്ച് കൊണ്ട്  അവര്‍  എനിക്ക് അപരിചിതമായ ഒരു ലോകത്തേക്ക് യാത്രയായി. അവര്‍ക്കൊപ്പം പോകുമ്പോള്‍ ഞാന്‍  ഒന്നുകൂടെ തിരിഞ്ഞു നോക്കി. കരഞ്ഞു തളര്‍ന്നിരുന്ന അനിയത്തിയെ അമ്മു തോളില്‍ ചാരി കിടത്തിയിരിക്കുന്നു. അമ്മു...  ഇവളെപ്പോഴാണ്  വന്നത്!! ഞാന്‍ കണ്ടില്ലലോ . എന്റെ കൂട്ടുക്കാരിയാ.. ഓര്‍മ്മ വെച്ച കാലം മുതല്‍  എന്റെ സുഹൃതായിരുന്നവല്‍. അവള്‍ മാത്രമല്ല എന്‍റെ ഒത്തിരി സുഹൃതുക്കാള്‍ വന്നിട്ടുണ്ട്. വയ്യ എനിക്കവരെ വിട്ട് എങ്ങോട്ടും പോകാന്‍ പറ്റില്ല.

            ഞാന്‍  ആ   മാലാഖമാരുടെ  കൈ വിടുവിച്ചു പിന്നിലേക്ക്‌ ഓടി. പക്ഷേ എന്നെക്കാള്‍ വേഗത ആ മാലാഖമാര്‍ക്കായിരുന്നു. പിന്നെ ഒന്നും പറയാതെ  എനിക്ക് അവര്‍ക്കൊപ്പം നടക്കാനേ കഴിഞ്ഞുള്ളൂ .അവര്‍ക്കൊപ്പം നടക്കുമ്പോള്‍ ഒന്നാം ക്ലാസില്‍ ആദ്യദിനം അമ്മ എന്നെ ടീച്ചറുടെ കയ്യില്‍ ഏല്‍പ്പിച്ചു മടങ്ങിയപ്പോള്‍ തോന്നിയ അരക്ഷിതത്വം ആയിരുന്നു മനസ്സില്‍ തോന്നിയത്.
 
            വെളുത്ത മേഘതുണ്ടുകള്‍ക്കിടയിലൂടെ ഇളം കാറ്റേറ്റ് ഞാന്‍ ആ മാലാഖമാര്‍ക്കൊപ്പം നടന്നു .. എവിടേക്ക് പോകുന്നെന്നോ എന്തിനു പോകുന്നെന്നോ ഒരു രൂപവും മനസ്സില്‍ ഇല്ലാരുന്നു .. . അവസാനം നടന്നു ചെന്ന് നിന്നത്  ഒരു പുതിയ ലോകത്തായിരുന്നു . മേഖത്തുണ്ടുകള്‍ക്കിടയില്‍  ഓടിക്കളിക്കുന്ന കുഞ്ഞുങ്ങള്‍. അവര്‍ക്ക് നല്ല വെളുത്ത ചിറകുകള്‍ ഉണ്ടായിരുന്നു . മഴവില്ലില്‍ ഉഞ്ഞാല്‍ ആടുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി. ഞാന്‍ അങ്ങോട്ട്‌  കടന്നു ചെന്നപ്പോള്‍ അവരെല്ലാം ഒരു നിമിഷം എനെ നോക്കി. എന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍  കണ്ടിട്ടാകാം അവരെല്ലാം എന്നെ നോക്കിയത് .

"ഭൂമിയില്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്നേ മരിച്ചത് കൊണ്ടാവാം അവര്‍ നോക്കുന്നത്.. അവരിത് വരെ ആരും കരയുന്നത്  കണ്ടിട്ടുണ്ടാവില്ല.ഇവിടെ എല്ലാവരും ചിരിക്കുന്നവരാണ് ഒരുപാട് സന്തോഷിക്കുന്നവരാണ് . " ഒരു മാലാഖ പറഞ്ഞു നിര്‍ത്തി.

                 സ്നേഹിക്കുന്നവരെ പിരിഞ്ഞു വരുമ്പോള്‍ സന്തോഷിക്കുകയോ,  ഹൃദയം ഇല്ലാത്തവര്‍, എനിക്ക്  ഭൂമിയെ കുറിച്ച്  ആലോചിച്ചപ്പോള്‍  വീണ്ടും  കരച്ചില്‍ വന്നു . ആ നിറ മിഴികളോടെ തന്നെ ആണ്  ഞാന്‍ ദൈവത്തിനു മുന്നിലേക്ക്‌ ചെന്നതും . എനിക്കപ്പോള്‍ ദൈവത്തോട് ദേഷ്യമായിരുന്നു . എന്നെ ഭൂമിയില്‍ നിന്നു തിരിച്ചു വിളിച്ചതിന്. ഞാന്‍ സ്നേഹിച്ചവരെ എനിക്ക്  ഇനി കാണാന്‍  കഴിയാത്തതിന് . നല്ല സൌമ്യമായ സ്വരത്തില്‍ ദൈവം പറയാന്‍ തുടങ്ങി.
 " കരയരുത് ഇവിടെ ഉള്ളവര്‍ ആരും കരയരുത്   "
" എങ്ങനെ കരയാതിരിക്കും എന്നെ ഓര്‍ത്തു എത്ര പേരാണ് കരയുന്നത്, അവര്‍ കരയുമ്പോള്‍ ഞാന്‍ എങ്ങനെ കരയാതിരിക്കും "
" അവര്‍ കുറച്ചു ദിവസം കൊണ്ട് നിന്നെ മറക്കും, അതിനാണ് മനുഷ്യന് മറവി എന്ന അനുഗ്രഹം ഞാന്‍ കൊടുത്തിരിക്കുന്നത്‌ "
" എങ്കിലും ?????? അവര്‍  എന്നെ മറക്കുമോ ??????"

            എന്തായാലും ഒരു വര്‍ഷം കഴിഞ്ഞു നിനക്കവിടെ പോകാം അതിനു ശേഷം ഇവിടെ വരുമ്പോള്‍ നീ സന്തോഷവതി ആയിരിക്കണം. മെല്ലെ തല കുലുക്കി ദൈവത്തിനു  മുന്നില്‍ നിന്നും മലാഖമാര്‍ക്കൊപ്പം നടന്നുനീങ്ങി. പോകുമ്പോള്‍ ദൈവത്തിന്റെ മുഖത്തേക്ക്  ഒളിഞ്ഞു നോക്കി. ഒരു ചെരുപുഞ്ചിരി ആയിരുന്നു ആ മുഖത്ത് . ആദ്യത്തെ കുറച്ചു ദിവസം അവര്‍ക്കിടയില്‍ കഴിയുമ്പോള്‍  അച്ഛനും  അമ്മയും  കൂടെ ഇല്ലാതെ ആള്‍ക്കൂട്ടത്തില്‍ ഒറ്റപെട്ടു പോയ അവസ്ഥയായിരുന്നു. ആദ്യം കുറച്ചു ദിവസങ്ങള്‍  ഒരു ഏകാന്തത  അനുഭവിച്ചിരുന്നെങ്കിലും ഭൂമിയെക്കാള്‍  സുരക്ഷിതത്വം എനിക്കവിടെ കിട്ടി തുടങ്ങി . അച്ഛന്റേം  അമ്മയുടെം കയ്യില്‍ നിന്നു വിട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന ദുഃഖം മെല്ലെ മെല്ലെ മാഞ്ഞു തുടങ്ങി...

                        ഇന്നായിരുന്നു ഒരു വര്‍ഷം തികഞ്ഞ നാള്‍. ഒരു വര്‍ഷം ഞാന്‍ കഴിച്ചു കൂടിയത് എങ്ങിനെയെന്ന് എനിക്കെ അറിയുമായിരുന്നുള്ളൂ .രാവിലെ ദൈവത്തോടും മാലാഖമാരോടും കുഞ്ഞുങ്ങളോടും അവിടെ ഉള്ള എല്ലാരോടും യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി . ഒരു വര്‍ഷം
കൊണ്ട് ഞാന്‍ അവരുമായി ഇണങ്ങി കഴിഞ്ഞിരുന്നു. എങ്കിലും ഭൂമിയിലേക്ക്‌ മടങ്ങി പോകുന്നതിന്റെ ചെറിയ സന്തോഷം എന്റെ മുഖത്തുണ്ടായിരുന്നു. അവിടെ ഉള്ളവര്‍ എല്ലാം അങ്ങനെ തന്നെ ആയിരുന്നു ഭൂമിയിലേക്ക്‌ പോകാന്‍ അനുവദിക്കപ്പെട്ട ദിവസം അവര്‍ ഒരുപാട് സന്തോഷത്തിലായിരിക്കും .   യാത്രയാക്കുമ്പോള്‍ ദൈവത്തിന്റെ മുഖത്ത് ഞാന്‍  ആദ്യമായി ഇവിടെ വരുമ്പോള്‍ കണ്ട അതേ പുഞ്ചിരി  തന്നെ ആയിരുന്നു .

                     ഭൂമിയിലേക്ക്‌ മടങ്ങുന്ന നിമിഷം എന്നെ ഒരു മാലാഖമാരും അനുഗമിച്ചില്ല. ഞാന്‍ തിരിച്ചു വരുമെന്ന് അവര്‍ക്കറിയാമായിരുന്നു എന്ന് തോന്നുന്നു. വളരെ വേഗത്തില്‍   ഞാന്‍ ഭൂമിയിലേക്ക്‌ യാത്ര തിരിച്ചു. ഞാന്‍ വീട്ടിലെത്തുമ്പോള്‍  അവര്‍  എനിക്കുള്ള കര്‍മങ്ങള്‍ ചെയ്യുന്ന തിരക്കിലാണ്. എനിക്കല്‍ഭുതമാണ് തോന്നിയത്. ഞാന്‍ മരിച്ച അന്ന് അലറി കരഞ്ഞ അമ്മ ചിരിച്ചു കൊണ്ട്  വീട്ടില്‍ വന്നവരോട് സംസാരിക്കുന്നു അവരുടെ വിശേഷങ്ങള്‍  ചോദിക്കുന്നു. അനിയത്തി ഫോണില്‍  അവളുടെ ഏതോ സുഹൃത്തിനോട്‌ സന്തോഷത്തോടെ എന്തോ പറഞ്ഞു ൊട്ടിച്ചിരിക്കുന്നു. അച്ഛന്‍  കര്‍മ്മം ചെയ്യുന്നതിന്  വന്ന പൂജാരിയോട് സംസാരിച്ചു നില്‍ക്കുന്നു. പിന്നെ ഒരു നിമിഷം എനിക്കവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഉറക്കെ ഒന്ന് പോട്ടികരയുകയാന്‍ ഞാന്‍ കൊതിച്ചു ആ നിമിഷം. ആ നിമിഷം  നിനക്കാതെ പെയ്ത ആ വേനല്‍ മഴയില്‍ എന്‍റെ കണ്ണീരും ഒലിചിറങ്ങുകയായിരുന്നു 

എങ്കിലും ഇത്ര പെട്ടന്ന്  ഞാന്‍ ഇല്ലാത്ത ഒരു അവസ്ഥയോട്‌ ഇവര്‍ പൊരുത്തപ്പെടുമെന്നു ഞാന്‍ ചിന്തിച്ചില്ലായിയിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഒത്തിരി സ്നേഹിച്ചവര്‍..  അവര്‍ ഇത്ര പെട്ടന്ന് എന്‍റെ ഓര്‍മ്മകള്‍  മറവിയുടെ ചവറ്റുകുട്ടയില്‍ ഇടുമെന്ന് ഞാന്‍  കരുതിയില്ല. മറവി ഒരു അനുഗ്രഹം തന്നെ. പക്ഷേ എന്തേ ഈ അനുഗ്രഹം എനിക്ക് ലഭികാതെ പോയി. ഈ അരക്ഷിതാവസ്ഥയില്‍ ഞാനിനി ഇവിടെ നില്‍ക്കുന്നില്ല. എത്രയും പെട്ടന്ന്  തിരിച്ചു  പോകണം. കര്‍മ്മങ്ങള്‍ കഴിഞ്ഞതും ഞാന്‍ അവിടെ നിന്നും വേഗം തന്നെ തിരിച്ചു വന്നു . ഇവിടെ എത്തിയപ്പോള്‍  ഈ  നക്ഷത്ര കൊട്ടാരത്തിന്റെ വാതില്‍ കടന്നു ചെന്നപ്പോള്‍ ആദ്യം കണ്ടത്  ദൈവത്തെ ആയിരുന്നു.

അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ആ മനോഹരമായ പുഞ്ചിരി തന്നെയായിരുന്നു . തിരിച്ചു ഞാനും ഒന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു . എന്റെ ആ ചിരിക്കു കണ്ണീരിന്റെ ചെറിയ  നനവുണ്ടായിരുന്നു. ഇവിടെ തിരിച്ചു വന്നതിനു ശേഷം ആരെയും അഭിമുഖികരിക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു. ആ നിമിഷത്തില്‍  ഒരു മേഘക്കീറിനുള്ളില്‍ കയറി ഇരുന്നതാണ് ഞാന്‍.
                
 
ആരോ വരുന്നുണ്ട്. ആ അത് എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന മാലാഖമാരില്‍ ഒരാളാണ്. കയ്യില്‍ ഒരു കുഞ്ഞു വാവയും ഉണ്ട്.  ഞാന്‍ വന്നു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വന്നതാനവന്‍. ഒരു വയസ്സ് പോലും ആയിട്ടില്ല അവന്  പാവം അമ്മയുടെ സ്നേഹം കിട്ടാന്‍ ഭാഗ്യം ഉണ്ടായില്ല  എന്നെ വല്യ ഇഷ്ട്ടമാണ്  അവന്.  ഇപ്പോള്‍ ഞാന്‍  മതി അവന്. അവനെ കളിപ്പിക്കാനും അവനെ എടുത്തു ഇവിടം മുഴുവന്‍ ചുറ്റി നടന്നു കാണിക്കാനും ഒക്കെ. എനിക്കും അങ്ങനെ തന്നെ. ഇപ്പോള്‍  എനിക്കൊരിക്കലും ഒറ്റപ്പെടല്‍ അനുഭവപെടാറില്ല.

 ചില നിമിഷങ്ങള്‍  സ്നേഹിച്ചവരെ ഓര്‍ത്തു പോകുന്ന  ആ നിമിഷം   ഒരുപാട് വിഷമിക്കും കണ്ണുകള്‍  അറിയാതെ നിറഞ്ഞു ഒഴുകും ആ കണ്ണുനീര്‍ ഏതെങ്കിലും ഒരു മഴ തുള്ളിയോടൊപ്പം അലിഞ്ഞു അവര്‍ക്കരികില്‍ എത്തുമെന്ന്  വെറുതെ മോഹിക്കും.ഇനി അവനെയും കൊണ്ട്  ഒന്ന് നടക്കണം .  വെള്ളി മേഘങ്ങള്‍ക്കിടയിലൂടെ  നടക്കുന്നത്  എനിക്കും അവനും  ഒരുപാടിഷ്ട്ടമാണ് .. നിലാവോഴുക്കി ഭൂമിയെ സുന്ദരിയാക്കുന്ന ചന്ദ്രനോടും, ചന്ദ്രനോപ്പം പുഞ്ചിരി പൊഴിച്ച് നില്‍ക്കുന്ന നക്ഷത്രങ്ങളോടും  ഞങ്ങള്‍ക്ക്  കിന്നാരം പറയണം . മറവി ഒരനുഗ്രഹമാണ്‌ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും. മറക്കാന്‍ ഞാനും പഠിച്ചു കൊണ്ടിരിക്കുകയാണ് .