Saturday 2 February 2013

ദുഃഖസ്വപ്നം

                              തിളങ്ങുന്ന കുഞ്ഞിക്കണ്ണുകള്‍ , ചെറിയ പാല്‍പുഞ്ചിരി , പുഞ്ചിരിക്കുമ്പോള്‍ തെളിയുന്ന ഭംഗിയുള്ള രണ്ടു നുണക്കുഴികള്‍ , തക്കാളി ചുവപ്പുള്ള ആ കുഞ്ഞു ചുണ്ടുകളില്‍ അപ്പോള്‍ അവന്‍ കുടിച്ച അമിഞ്ഞ പാലിന്റെ ബാക്കിയുണ്ട്.... ഭംഗിയുള്ള ആ നെറ്റിയില്‍ അവനു കണ്ണ് പറ്റാതിരിക്കാന്‍ ഒരു കറുത്ത കുഞ്ഞി മറുക് ... നിലാവിനെ തോല്‍പ്പിക്കുന്ന അവന്‍റെ ആ ചിരി കണ്ടാല്‍ ആര്‍ക്കും ഒന്നോമാനിക്കാന്‍ തോന്നും .. അവന്‍ ആരെയോ നോക്കി ചിരിക്കുകയാണ് അവന്‍റെ കുഞ്ഞി കൈകള്‍ അയാളുടെ നേര്‍ക്ക്‌ നീട്ടുന്നുണ്ട് .. രണ്ടു കൈകള്‍ അവന്‍റെ നേര്‍ക്ക്‌ നീണ്ടു വരുന്നുണ്ട് .. പക്ഷേ ആ കൈകള്‍ അവനെ വാരിയെടുക്കുന്നതിനു പകരം അവന്‍റെ ആ കുഞ്ഞി കഴുത്തിലേക്കു നീളുന്നു ... ഒരു നിമിഷം കൊണ്ട് അവന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു ..അവന്‍ ഒരിറ്റു ദയക്കായി യാചിക്കുന്നു ശ്വാസം കിട്ടാതെ അവനൊന്നു പിടഞ്ഞു ..

ഗോപന്‍ ഞെട്ടി എഴുനേറ്റു ... കണ്ണ് തുറന്നു ഗോപന്‍ അറിയാതെ കഴുത്ത് തടവി ... നശിച്ച ഈ സ്വപനം, രണ്ടാമത്തെ പ്രാവശ്യമാണ് താന്‍ ഈ സ്വപനം വീണ്ടും കാണുന്നത് ..
ഗോപന്‍ എഴുന്നേറ്റു മുറിയിലെ ലൈറ്റിട്ടു കൂജയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു .. കണ്ണാടിക്ക് മുന്നില്‍ ചെന്ന് തന്‍റെ നെറ്റിയിലെ ആ കറുത്ത മറുകില്‍ മെല്ലെ വിരലോടിച്ചു ... താന്‍ ഒരുപാട് മാറിപ്പോയിരിക്കുന്നു കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് താന്‍ ഒരു വയസ്സനായ പോലെ .. മെല്ലെ ഒരു സിഗരറ്റെടുത്ത് കൊളുത്തി .. ലൈറ്റ് ഓഫ്‌ ചെയ്തതിനു ശേഷം ജനാലക്കരികില്‍ പോയി നിന്നു പുറത്തു നല്ല നിലാവുണ്ട് ജനാലയിലൂടെ നല്ല തണുത്ത കാറ്റ് വീശുന്നു .. ആകാശത്ത് പൂര്‍ണ ചന്ദ്രന്‍ ... തെളിഞ്ഞ ആകാശത്ത് ഒത്തിരി കുഞ്ഞു നക്ഷത്രങ്ങള്‍ ... നക്ഷത്രക്കുഞ്ഞുഅള്‍ക്ക് ഒളിച്ചു കളിക്കാന്‍ അവിടവിടെ കുഞ്ഞു വെള്ള മേഘങ്ങള്‍ ... എന്നാണു താന്‍ ഈ സ്വപനം ആദ്യമായി കണ്ടത് ... തന്‍റെ വിവാഹത്തിന്‍റെ തലേ നാള്‍ ... വിവാഹം കഴിഞ്ഞു 5 വര്‍ഷമായി ..എന്നിട്ടും തന്നെ വിട്ടുപോയിട്ടില്ല ... എല്ലാം തനിക്കു നഷ്ട്ടപെട്ടു ... തന്‍റെ സന്തോഷം മുഴുവന്‍ ...തകര്‍ത്ത സ്വപ്നം ...
ഗോപന്‍റെ മനസ്സ് മറക്കാന്‍ കരുതി വെച്ച ഓര്‍മ്മകളിലേക്ക് വീണ്ടും യാത്രയാവാന്‍ തുടങ്ങി ... അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദ്യമായി പെണ്ണുകാണാന്‍ പോയത് ... ആദ്യ നോട്ടത്തില്‍ തന്നെ തനിക്കു ലക്ഷ്മിയെ ഇഷ്ട്ടമായി . നിഷ്കളങ്കമായ മുഖം.. ആ മുഖം പിന്നെ മനസ്സിന്നു മാഞ്ഞു പോയില്ല ... പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. ആ കഴുത്തില്‍താലി കെട്ടുമ്പോള്‍ തന്‍റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു ...എങ്കിലും ആ മുഖത്തേക്ക് താന്‍ ഒന്ന് മെല്ലെ നോക്കി അപ്പോള്‍ ആ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു.. അവള്‍ടെ അച്ഛന്‍ ആ കൈപിടിച്ച് തന്നെ എല്പ്പ്പിക്കുമ്പോള്‍ ആ കൈകളും വിറക്കുകയായിരുന്നു .. തന്‍റെ കൈക്കുള്ളില്‍ ഇരുന്നു വിറക്കുന്ന ആ കൈകള്‍ വിട്ടു പോകാതിരിക്കാന്‍ താന്‍ ആ കൈകള്‍ മുറുകെ പിടിച്ചു ...
വലതുകാല്‍ വെച്ചു തന്‍റെ വീട്ടിലേക്കും ജീവിതത്തിലേക്കും അവള്‍ കയറി വന്നു .. പേര് പോലെ തന്നെ ഐശ്വര്യവതിയായിരുന്നു ലക്ഷ്മി .. തന്‍റെ അമ്മയ്ക്കും ചേച്ചിക്കും അച്ഛനും ഒക്കെ പ്രിയപെട്ടവളായി എത്ര പെട്ടെന്നാണ് അവള്‍ മാറിയത് ... ഒരു കാര്യത്തിനു മാത്രേ തന്‍റെ ലക്ഷ്മി തന്നോട് വഴക്കിടാറുള്ളൂ. തന്‍റെ ഈ നശിച്ച മദ്യപാനം തന്‍റെ പാവം ലക്ഷ്മിയെ താന്‍ എന്തുമാത്രം തല്ലിയിരിക്കുന്നു പക്ഷേ എല്ലാം കഴിയുമ്പോള്‍ അവളോട്‌ മാപ്പ് പറയും തലയില്‍ തൊട്ട്‌ ഇനി ഒരിക്കലും കുടിക്കില്ലാന്നു പറഞ്ഞു സത്യം ചെയ്യും പക്ഷേ വീണ്ടും വീണ്ടും താന്‍ കുടിച്ചു കൊണ്ടേയിരുന്നു .. എന്ത് കൊണ്ടാണ് തനിക്കതുപേക്ഷിക്കാന്‍ കഴിയാഞ്ഞത് ...
തങ്ങള്‍ക്കിടയില്‍ മോന്‍ വന്നപ്പോള്‍ അവള്‍ ഒരുപാട് സന്തോഷിച്ചു .. തന്നോട് മദ്യപിക്കരുതെന്ന് മോന്‍റെ തലയില്‍ തൊട്ട്‌ അവള്‍ വീണ്ടും സത്യം ചെയ്യിച്ചു .. രണ്ടു ദിവസം താന്‍ ആ സത്യം പാലിച്ചു .. അന്ന് എത്രമാത്രം സന്തോഷവതിയായിരുന്നു തന്‍റെ ലക്ഷ്മി ... പക്ഷേ തനിക്കു വീണ്ടും ആ സത്യം പാലിക്കാന്‍ പറ്റാതെ പോയി മൂന്നാം ദിവസം തന്‍റെ ജീവിതത്തിലെ ഏറ്റവും ചീത്ത ദിവസം ഒരിക്കലും ഒര്‍ക്കാന്‍ ഇഷ്ട്ടമല്ലാത്ത ദിവസം തനിക്ക് പിടിച്ചു നില്ക്കാന്‍ പറ്റിയില്ല മതിയാവോളം കുടിച്ചു രണ്ടു ദിവസത്തെ ചേര്‍ത്ത് കുടിച്ചു .. വൈകിട്ട് ജോലി കഴിഞ്ഞു വീട്ടില്‍ ചെല്ലുമ്പോള്‍ ചിരിച്ചു കൊണ്ട് ഇറങ്ങി വന്ന അവള്‍ക്കു മുഖം കൊടുക്കാതെ തനിക്കു അകത്തേക്ക് കയറേണ്ടി വന്നു വാതിക്കല്‍ ചെന്ന് മെല്ലെ മുഖം തിരിച്ചു നോക്കുമ്പോള്‍ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത് .. നിറഞ്ഞു തുളുമ്പിയ ആ കണ്ണുകള്‍ തുടക്കാതെ തന്നോടൊരു വാക്കും പറയാതെ തന്‍റെ മുഖത്ത് നോക്കാതെ അവള്‍ അകത്തേക്ക് തന്നെ കടന്നു കയറി പോയി .. അവള്‍ടെ ഒക്കത്തിരുന്നു മോന്‍ പാലിന് വേണ്ടി കരയുന്നുണ്ടായിരുന്നു
ഏതു നിമിഷത്തിലാണ് തനിക്കവളെ അടിക്കാന്‍ തോന്നിയത് .. സത്യം തെറ്റിച്ചതിന് വഴക്കൊന്നും പറയാതെ അവള്‍ നിന്നത് കൊണ്ട് അവളെ ദേഷ്യം പിടിപ്പിക്കാന്‍ അടിച്ചതോ ... അതോ ഞാന്‍ ഇനിയും കുടിക്കും നിന്നെ അടിക്കേം ചെയ്യും എന്ന് കാണിക്കാന്‍ വേണ്ടിയോ .. അതോ അവളുടെ കയ്യിലിരുന്നു പാലിന് വേണ്ടി മോന്‍ കരഞ്ഞിട്ടും അവള്‍ മോന് പാല് കൊടുക്കാതെ ഇരിക്കുന്നത് കണ്ടിട്ടോ ... ഇന്നും തനിക്കറിയില്ല എന്തിനാണ് ആ നിമിഷത്തില്‍ തന്‍റെ ലക്ഷ്മിയെ താന്‍ അടിച്ചതെന്ന് ... പക്ഷേ ആ നിമിഷത്തെ തന്‍റെ ആ തെറ്റിനെ താന്‍ ഇന്നും ഒരു പാട് ശപിക്കുന്നു ... തന്‍റെ തല്ലിനേക്കാള്‍ കൂടുതല്‍ തന്‍റെ വാക്കുകളായിരുന്നു അവളെ വേദനിപ്പിച്ചത് .. "നീയും മോനും എന്‍റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് താന്‍ ഇങ്ങനെ നശിച്ചത്"എന്ന തന്‍റെ വാക്ക് ആ വാക്കിനു ഇത്രയും ശക്തിയുണ്ടാവുമെന്നു മനസ്സിലാക്കാന്‍ നേരം വെളുക്കുന്നത്‌ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ ...
അമ്മയുടെ നിലവിളി കേട്ടാണ് താന്‍ ഉണര്‍ന്നത് അവളോട്‌ വഴക്കിട്ട കാരണം തങ്ങളുടെ മുറിയില്‍ കേറാതെ പുറത്തെ മുറിയിലായിരുന്നു കിടന്നുറങ്ങിയത് .. അവള്‍ വാതില്‍ തുറക്കുന്നില്ല എന്നും പറഞ്ഞു അമ്മ കരയുന്നു .. അമ്മയുടെ കരച്ചില്‍ കേട്ട് അയലോക്കക്കാരെല്ലാം വന്നിട്ടുണ്ട് .. തന്‍റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി ... ലക്ഷ്മി എന്ന് ഒന്നുറക്കെ വിളിക്കാന്‍ തനിക്കു കഴിഞ്ഞില്ല .. ആരെല്ലാമോ വാതില്‍ ചവിട്ടി പൊളിച്ചു ഒന്ന് നോക്കാനേ കഴിഞ്ഞുള്ളൂ ചോരയില്‍ കുളിച്ചു തന്‍റെ ലക്ഷ്മിയും മോനും ... ലക്ഷ്മിയുടെ ശരീരം നിറയെ ബ്ലേഡ് കൊണ്ട് മുറിച്ച പാടുകളായിരുന്നു ... തന്‍റെ കുഞ്ഞിന്‍റെ ദേഹത്ത് ഒരു മുറിവ് പോലും ഉണ്ടായിരുന്നില്ല .. അവന്‍റെ കുഞ്ഞി കഴുത്തില്‍ ലക്ഷ്മിയുടെ വിരളുകളുടെ രണ്ടു പാടുകള്‍ മാത്രം .. തന്‍റെ ലക്ഷ്മിയുടെ കൈകള്‍ കൊണ്ട് തന്‍റെ മകന്‍ മരിച്ചിരിക്കുന്നു .. താന്‍ എന്നോ കണ്ടു മറന്ന ആ സ്വപ്നം പോലെ തന്‍റെ ജീവിതത്തിലും സംഭവിച്ചത് ഒരു യാദൃശ്ചികതയാവാം
കൈ നീറിയപ്പോഴാണ് ഗോപന്‍ വീണ്ടും ആ നിലാവിലേക്കും ആ കുഞ്ഞു നക്ഷത്രത്തിലേക്കും തിരികെ വന്നത്. കത്തിച്ചു വെച്ച സിഗരറ്റ് വിരലുകള്‍ക്കിടയിലിരുന്നു എരിയുന്നു .. ഗോപന്‍ അത് ജനാലയിലൂടെ പുറത്തേക്കിട്ടു .. ആ കുഞ്ഞു നക്ഷത്രം ഏതോ കുഞ്ഞു മേഘത്തിനിടയില്‍ കയറി ഒളിച്ചിരിക്കുന്നു .. ഗോപന്‍ ജനലുകള്‍ അടച്ചു തിരികെ കിടക്കയില്‍ വന്നു കിടന്നു .മനസ്സ് നഷ്ട്ടപെട്ടു ശരീരം മാത്രം തിരിച്ചു കിട്ടിയ ലക്ഷ്മിയെ നെഞ്ചോടു ചേര്‍ത്ത് .. നിറഞ്ഞൊഴുകിയ തന്‍റെ കണ്ണുകള്‍ ഇറുക്കി അടച്ച്‌ .. നശിച്ച ആ സ്വപനം കാണാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്............

No comments:

Post a Comment