Friday, 1 February 2013

ആത്മാവിന്റെ നൊമ്പരം..

നിശബ്ധമായ അന്തരീക്ഷം. ഇടക്ക് ആരുടെയൊക്കെയോ തേങ്ങലുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു . അമ്മ  ഇടക്കിടെ എങ്ങലടിക്കുന്നുണ്ട്. കത്തിച്ചു വെച്ച നിലവിളക്ക് നല്ല ശോഭയോടെ കത്തുന്നു .  ചന്ദനത്തിരിയുടെ പുക ചുരുളുകള്‍ വായുവില്‍ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരിക്കുന്നു . എനിക്കൊരിക്കലും ഇഷ്ട്ടമില്ലാത്തതാണ് ഈ ചന്ദനത്തിരിയുടെ ഗന്ധം എനികിലും ഇന്ന് സഹിച്ചേ പറ്റു .. അതുകൊണ്ട് കുറെ നേരം ചന്ദന തിരിയുടെ പുക വായുവില്‍ അലിഞ്ഞു ചേരുന്നതും നോക്കിയിരുന്നു ..             ആരൊക്കെയോ വരുന്നു . ഉമ്മറത്ത്‌ നിന്ന് ഒന്ന് എത്തി നോക്കിയാ ശേഷം അടുത്ത് നില്‍ക്കുന്നവരോട് എന്തോ മെല്ലെ പറയുന്നു . മുറ്റത്തൊരു വണ്ടി വന്നുനിന്ന ശബ്ദം കേട്ടു. അമ്മയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് ആരാ വന്നതെന്ന് നോക്കിയത്  ചെറിയമ്മയാണ്. അമ്മ എന്തിനാണ് ഇത്ര ഉറക്കെ കരയുന്നത്. എനിക്ക്  അമ്മ കരയുന്നത് കാണുമ്പോള്‍ സങ്കടമാണ് വരാറ്. പക്ഷേ, അത് മറച്ചു വെച്ചു എപ്പോഴും അമ്മയോട് ദേഷ്യപെടുകയാണ്  പതിവ്.  എല്ലാവരും കരയുമ്പോള്‍ എനിക്കും ഒരുപാട്  സങ്കടം വരുന്നുണ്ട് .  മറ്റുള്ളവരുടെ മുന്നില്‍ കരയുന്നത് എനിക്കെപോഴും നാണക്കേടായിട്ടാണ് തോന്നാറ്  . പലപ്പോഴും എന്‍റെ  കരച്ചില്‍ തൊണ്ടക്കുഴിയില്‍ തടഞ്ഞു നിന്നിട്ടുണ്ട്. വായ പൊത്തി കണ്ണുകള്‍  ഇറുക്കിയടച്ചു പലപ്പോഴും ഞാന്‍ കരച്ചില്‍  തടഞ്ഞു നിര്‍ത്തിയിരുന്നു . ഇന്നും എനിക്കതിനേ  കഴിയുന്നുള്ളൂ .
             ചന്ദനത്തിരിയുടെ മണം സഹിക്കാന്‍ പറ്റാതായപ്പോഴാനു ഞാന്‍ മെല്ലെ പുറത്തിറങ്ങിയത് . ഉമ്മറതെതിയപ്പോള്‍ ചെറിയച്ചന്മാരും നാട്ടിലുള്ള ചേട്ടന്മാരും ഒക്കെ ഉണ്ട് . കണ്ണുകള്‍ കൊണ്ട് മെല്ലെ ഒന്ന് വട്ടം ചുറ്റി നോക്കി അച്ഛന്‍  എവിടെ എന്ന് . മുറ്റത്തെ  മാവില്‍ ചോട്ടിലിട്ടിരിക്കുന്ന കസേരകളില്‍ ഒന്നില്‍   അച്ഛനെ  കണ്ടു . അച്ഛന്റെ  മുഖത്തേക്ക് നോക്കിയപ്പോള്‍  അധിക സമയം അവിടെ നില്‍ക്കാന്‍ തോന്നിയില്ല കണ്ണീര്‍  പൊഴിക്കുന്നില്ലെങ്കിലും ആ മനസ്സിന്റെ വിഷമം എനിക്കറിയാം . ഇനിയും അവിടെ നിന്നാല്‍ ഞാനും പൊട്ടി കരഞ്ഞു പോകും. എല്ലാവരുടെ മുന്നിലും പൊട്ടിച്ചിരിച്ചു കൊണ്ട് അവരെ സന്തോഷിപ്പിചിരുന്നതാണ് ഞാന്‍. എന്റെ ഒരു തുള്ളി കണ്ണുനീര്‍  അവരെ എത്രമാത്രം വേദനിപ്പിക്കുമെന്നു എനിക്കറിയാം .
                 മെല്ലെ അവിടെ നിന്നും അകത്തേയ്ക്ക് പോന്നു . ഇനി അമ്മയുടെ അരികിലേക്ക് പോകുന്നില്ല . അമ്മയുടെ കരച്ചില്‍ കണ്ടാല്‍  എനിക്കിനി സഹിക്കാന്‍ പറ്റിയെന്നു വരില്ല അറിയാതെ ഞാനും കരഞ്ഞു പോകും . അനിയത്തി എവിടെയെന്നു നോക്കി. അകത്തെങ്ങും കാണുന്നില്ല. മുറിയിലാവും, എന്‍റെ ഊഹം തെറ്റിയില്ല. അവള്‍ ഞങളുടെ മുറിയില്‍  കിടക്കുകയായിരുന്നു.  അവള്‍ കിടക്കുകയാണ് പാവം ഒരുപാട് കരഞ്ഞു. കരയരുതെന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല  അവള്‍, ഇപ്പോള്‍ കണ്ടില്ലേ കരഞ്ഞു കരഞ്ഞു തലവേദന വന്നത്. അവള്‍ടെ അരികില്‍ ഇരുന്നു ആ തലയില്‍ മെല്ലെ തടവികൊണ്ടിരുന്നു. അങ്ങനെ എങ്കിലും ആ തല വേദന കുറയട്ടെ. എന്റെ ഏറ്റവും നല്ല സുഹൃത്തും എന്നെ ഏറ്റവും കൂടുതല്‍  എന്നെ വിമര്‍ശിക്കുന്നതും  ഇവളായിരുന്നു.  എന്റെ കൂട്ടുകാര്‍ എല്ലാവരും വായിച്ചു നല്ലതാണെന്നു പറഞ്ഞ കഥകള്‍  മോശമാണെന്നെ ഇവള്‍ പറയു . നല്ലതാണെന്ന് അവളും കൂടെ പറഞ്ഞാല്‍ എനിക്ക് അഹങ്കാരം വരുമെന്നാണ് അവളുടെ കണ്ടുപിടിത്തം .
               
 എല്ലാവരും വന്നെന്നു തോന്നുന്നു  അതായിരിക്കാം  കര്‍മ്മം ചെയ്യാനുള്ള പുറപ്പാടിലാണ്. പൂജാരിയും എത്തിയിട്ടുണ്ട്  അച്ഛനാണ് കര്‍മ്മം ചെയ്യുന്നതും. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഇലയില്‍ എള്ളും അരിയും. കയ്യില്‍  മോതിരവിരലില്‍ ദര്‍ഭ കെട്ടിയിരിക്കുന്നു. പൂജാരി പതുക്കെ പറഞ്ഞു കൊടുക്കുന്ന മന്ത്രങ്ങള്‍  വളരെ വ്യക്തമായി കേള്‍ക്കാം അത്ര നിശബ്ദമാണ് അവിടം  ഇടക്ക് ആരുടെയൊക്കെയോ തേങ്ങലുകള്‍ മാത്രം ആ നിശബ്തതക്ക് ഭംഗം വരുത്തുന്നു .

" മരിച്ച ആളുടെ പേരും നാളും പറഞ്ഞോളു "

         എന്‍റെ  പേരും നാളും പറഞ്ഞതും അച്ഛന്റെ  കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍  ഇറ്റിറ്റു വീണു. അമ്മയും അനിയത്തിമാരും പിന്നെ ആരൊക്കെയോ ഉറക്കെ കരയുന്നു. കണ്ണുനീരിന്‍റെ  നനുത്ത മൂടുപടം  കാരണം എനിക്കൊന്നും പിന്നെ കാണാന്‍ ഉണ്ടായിരുന്നില്ല . ആരോ തോളില്‍ വന്നു പിടിച്ചപോഴാണ്  തല ഉയര്‍ത്തി നോക്കിയത് . വെള്ള ഉടുപ്പിട്ട വെളുത്ത ചിറകുള്ള തിളങ്ങുന്ന കണ്ണുകളുള്ള ചിരിക്കുന്ന മുഖവുമായി രണ്ടു മാലാഖമാര്‍.

"പോകാം സമയമായി. ഇനി ഇവിടെ നില്ക്കാന്‍ പറ്റില്ല " അവരില്‍ ഒരാള്‍ എന്നോട് പറഞ്ഞു.
 എനിക്ക് പെട്ടന്ന് ദേഷ്യം വന്നു ഞാന്‍ അവരോടു ദേഷ്യത്തില്‍ പറഞ്ഞു 
"ഞാനില്ല ഇവരെ വിട്ടു ഒരിക്കലും ഞാന്‍ വരില്ല. എന്നെ കാണാതിരുന്നാല്‍ അമ്മ കരയും, എന്റെ അനിയത്തി അവളുടെ വിശേഷങ്ങള്‍  പിന്നെ ആരോട് പറയും എനിക്കൊരിക്കലും ഇവിടം വിട്ടു വരാന്‍ പറ്റില്ല , നിങ്ങള് പൊക്കോളൂ "
  
 " വന്നെ പറ്റു ഞങ്ങളുടെ ജോലി ഞങ്ങള്‍ക്ക് ചെയ്യണം . അവിടെ ചെന്ന്  തീരുമാനിക്കാം നിനക്ക് ഈ ഭൂമിയിലേക്ക്‌ വരണോ അതോ അവിടെ തന്നെ നില്‍ക്കണോ  എന്ന്. വരൂ പോകാം "

                 നിറഞ്ഞൊഴുകുന്ന എന്റെ  കണ്ണീരിനെയും വിലക്കുകളെയും അവഗണിച്ചു എന്റെ കൈ പിടിച്ച് കൊണ്ട്  അവര്‍  എനിക്ക് അപരിചിതമായ ഒരു ലോകത്തേക്ക് യാത്രയായി. അവര്‍ക്കൊപ്പം പോകുമ്പോള്‍ ഞാന്‍  ഒന്നുകൂടെ തിരിഞ്ഞു നോക്കി. കരഞ്ഞു തളര്‍ന്നിരുന്ന അനിയത്തിയെ അമ്മു തോളില്‍ ചാരി കിടത്തിയിരിക്കുന്നു. അമ്മു...  ഇവളെപ്പോഴാണ്  വന്നത്!! ഞാന്‍ കണ്ടില്ലലോ . എന്റെ കൂട്ടുക്കാരിയാ.. ഓര്‍മ്മ വെച്ച കാലം മുതല്‍  എന്റെ സുഹൃതായിരുന്നവല്‍. അവള്‍ മാത്രമല്ല എന്‍റെ ഒത്തിരി സുഹൃതുക്കാള്‍ വന്നിട്ടുണ്ട്. വയ്യ എനിക്കവരെ വിട്ട് എങ്ങോട്ടും പോകാന്‍ പറ്റില്ല.

            ഞാന്‍  ആ   മാലാഖമാരുടെ  കൈ വിടുവിച്ചു പിന്നിലേക്ക്‌ ഓടി. പക്ഷേ എന്നെക്കാള്‍ വേഗത ആ മാലാഖമാര്‍ക്കായിരുന്നു. പിന്നെ ഒന്നും പറയാതെ  എനിക്ക് അവര്‍ക്കൊപ്പം നടക്കാനേ കഴിഞ്ഞുള്ളൂ .അവര്‍ക്കൊപ്പം നടക്കുമ്പോള്‍ ഒന്നാം ക്ലാസില്‍ ആദ്യദിനം അമ്മ എന്നെ ടീച്ചറുടെ കയ്യില്‍ ഏല്‍പ്പിച്ചു മടങ്ങിയപ്പോള്‍ തോന്നിയ അരക്ഷിതത്വം ആയിരുന്നു മനസ്സില്‍ തോന്നിയത്.
 
            വെളുത്ത മേഘതുണ്ടുകള്‍ക്കിടയിലൂടെ ഇളം കാറ്റേറ്റ് ഞാന്‍ ആ മാലാഖമാര്‍ക്കൊപ്പം നടന്നു .. എവിടേക്ക് പോകുന്നെന്നോ എന്തിനു പോകുന്നെന്നോ ഒരു രൂപവും മനസ്സില്‍ ഇല്ലാരുന്നു .. . അവസാനം നടന്നു ചെന്ന് നിന്നത്  ഒരു പുതിയ ലോകത്തായിരുന്നു . മേഖത്തുണ്ടുകള്‍ക്കിടയില്‍  ഓടിക്കളിക്കുന്ന കുഞ്ഞുങ്ങള്‍. അവര്‍ക്ക് നല്ല വെളുത്ത ചിറകുകള്‍ ഉണ്ടായിരുന്നു . മഴവില്ലില്‍ ഉഞ്ഞാല്‍ ആടുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി. ഞാന്‍ അങ്ങോട്ട്‌  കടന്നു ചെന്നപ്പോള്‍ അവരെല്ലാം ഒരു നിമിഷം എനെ നോക്കി. എന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍  കണ്ടിട്ടാകാം അവരെല്ലാം എന്നെ നോക്കിയത് .

"ഭൂമിയില്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്നേ മരിച്ചത് കൊണ്ടാവാം അവര്‍ നോക്കുന്നത്.. അവരിത് വരെ ആരും കരയുന്നത്  കണ്ടിട്ടുണ്ടാവില്ല.ഇവിടെ എല്ലാവരും ചിരിക്കുന്നവരാണ് ഒരുപാട് സന്തോഷിക്കുന്നവരാണ് . " ഒരു മാലാഖ പറഞ്ഞു നിര്‍ത്തി.

                 സ്നേഹിക്കുന്നവരെ പിരിഞ്ഞു വരുമ്പോള്‍ സന്തോഷിക്കുകയോ,  ഹൃദയം ഇല്ലാത്തവര്‍, എനിക്ക്  ഭൂമിയെ കുറിച്ച്  ആലോചിച്ചപ്പോള്‍  വീണ്ടും  കരച്ചില്‍ വന്നു . ആ നിറ മിഴികളോടെ തന്നെ ആണ്  ഞാന്‍ ദൈവത്തിനു മുന്നിലേക്ക്‌ ചെന്നതും . എനിക്കപ്പോള്‍ ദൈവത്തോട് ദേഷ്യമായിരുന്നു . എന്നെ ഭൂമിയില്‍ നിന്നു തിരിച്ചു വിളിച്ചതിന്. ഞാന്‍ സ്നേഹിച്ചവരെ എനിക്ക്  ഇനി കാണാന്‍  കഴിയാത്തതിന് . നല്ല സൌമ്യമായ സ്വരത്തില്‍ ദൈവം പറയാന്‍ തുടങ്ങി.
 " കരയരുത് ഇവിടെ ഉള്ളവര്‍ ആരും കരയരുത്   "
" എങ്ങനെ കരയാതിരിക്കും എന്നെ ഓര്‍ത്തു എത്ര പേരാണ് കരയുന്നത്, അവര്‍ കരയുമ്പോള്‍ ഞാന്‍ എങ്ങനെ കരയാതിരിക്കും "
" അവര്‍ കുറച്ചു ദിവസം കൊണ്ട് നിന്നെ മറക്കും, അതിനാണ് മനുഷ്യന് മറവി എന്ന അനുഗ്രഹം ഞാന്‍ കൊടുത്തിരിക്കുന്നത്‌ "
" എങ്കിലും ?????? അവര്‍  എന്നെ മറക്കുമോ ??????"

            എന്തായാലും ഒരു വര്‍ഷം കഴിഞ്ഞു നിനക്കവിടെ പോകാം അതിനു ശേഷം ഇവിടെ വരുമ്പോള്‍ നീ സന്തോഷവതി ആയിരിക്കണം. മെല്ലെ തല കുലുക്കി ദൈവത്തിനു  മുന്നില്‍ നിന്നും മലാഖമാര്‍ക്കൊപ്പം നടന്നുനീങ്ങി. പോകുമ്പോള്‍ ദൈവത്തിന്റെ മുഖത്തേക്ക്  ഒളിഞ്ഞു നോക്കി. ഒരു ചെരുപുഞ്ചിരി ആയിരുന്നു ആ മുഖത്ത് . ആദ്യത്തെ കുറച്ചു ദിവസം അവര്‍ക്കിടയില്‍ കഴിയുമ്പോള്‍  അച്ഛനും  അമ്മയും  കൂടെ ഇല്ലാതെ ആള്‍ക്കൂട്ടത്തില്‍ ഒറ്റപെട്ടു പോയ അവസ്ഥയായിരുന്നു. ആദ്യം കുറച്ചു ദിവസങ്ങള്‍  ഒരു ഏകാന്തത  അനുഭവിച്ചിരുന്നെങ്കിലും ഭൂമിയെക്കാള്‍  സുരക്ഷിതത്വം എനിക്കവിടെ കിട്ടി തുടങ്ങി . അച്ഛന്റേം  അമ്മയുടെം കയ്യില്‍ നിന്നു വിട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന ദുഃഖം മെല്ലെ മെല്ലെ മാഞ്ഞു തുടങ്ങി...

                        ഇന്നായിരുന്നു ഒരു വര്‍ഷം തികഞ്ഞ നാള്‍. ഒരു വര്‍ഷം ഞാന്‍ കഴിച്ചു കൂടിയത് എങ്ങിനെയെന്ന് എനിക്കെ അറിയുമായിരുന്നുള്ളൂ .രാവിലെ ദൈവത്തോടും മാലാഖമാരോടും കുഞ്ഞുങ്ങളോടും അവിടെ ഉള്ള എല്ലാരോടും യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി . ഒരു വര്‍ഷം
കൊണ്ട് ഞാന്‍ അവരുമായി ഇണങ്ങി കഴിഞ്ഞിരുന്നു. എങ്കിലും ഭൂമിയിലേക്ക്‌ മടങ്ങി പോകുന്നതിന്റെ ചെറിയ സന്തോഷം എന്റെ മുഖത്തുണ്ടായിരുന്നു. അവിടെ ഉള്ളവര്‍ എല്ലാം അങ്ങനെ തന്നെ ആയിരുന്നു ഭൂമിയിലേക്ക്‌ പോകാന്‍ അനുവദിക്കപ്പെട്ട ദിവസം അവര്‍ ഒരുപാട് സന്തോഷത്തിലായിരിക്കും .   യാത്രയാക്കുമ്പോള്‍ ദൈവത്തിന്റെ മുഖത്ത് ഞാന്‍  ആദ്യമായി ഇവിടെ വരുമ്പോള്‍ കണ്ട അതേ പുഞ്ചിരി  തന്നെ ആയിരുന്നു .

                     ഭൂമിയിലേക്ക്‌ മടങ്ങുന്ന നിമിഷം എന്നെ ഒരു മാലാഖമാരും അനുഗമിച്ചില്ല. ഞാന്‍ തിരിച്ചു വരുമെന്ന് അവര്‍ക്കറിയാമായിരുന്നു എന്ന് തോന്നുന്നു. വളരെ വേഗത്തില്‍   ഞാന്‍ ഭൂമിയിലേക്ക്‌ യാത്ര തിരിച്ചു. ഞാന്‍ വീട്ടിലെത്തുമ്പോള്‍  അവര്‍  എനിക്കുള്ള കര്‍മങ്ങള്‍ ചെയ്യുന്ന തിരക്കിലാണ്. എനിക്കല്‍ഭുതമാണ് തോന്നിയത്. ഞാന്‍ മരിച്ച അന്ന് അലറി കരഞ്ഞ അമ്മ ചിരിച്ചു കൊണ്ട്  വീട്ടില്‍ വന്നവരോട് സംസാരിക്കുന്നു അവരുടെ വിശേഷങ്ങള്‍  ചോദിക്കുന്നു. അനിയത്തി ഫോണില്‍  അവളുടെ ഏതോ സുഹൃത്തിനോട്‌ സന്തോഷത്തോടെ എന്തോ പറഞ്ഞു ൊട്ടിച്ചിരിക്കുന്നു. അച്ഛന്‍  കര്‍മ്മം ചെയ്യുന്നതിന്  വന്ന പൂജാരിയോട് സംസാരിച്ചു നില്‍ക്കുന്നു. പിന്നെ ഒരു നിമിഷം എനിക്കവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഉറക്കെ ഒന്ന് പോട്ടികരയുകയാന്‍ ഞാന്‍ കൊതിച്ചു ആ നിമിഷം. ആ നിമിഷം  നിനക്കാതെ പെയ്ത ആ വേനല്‍ മഴയില്‍ എന്‍റെ കണ്ണീരും ഒലിചിറങ്ങുകയായിരുന്നു 

എങ്കിലും ഇത്ര പെട്ടന്ന്  ഞാന്‍ ഇല്ലാത്ത ഒരു അവസ്ഥയോട്‌ ഇവര്‍ പൊരുത്തപ്പെടുമെന്നു ഞാന്‍ ചിന്തിച്ചില്ലായിയിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഒത്തിരി സ്നേഹിച്ചവര്‍..  അവര്‍ ഇത്ര പെട്ടന്ന് എന്‍റെ ഓര്‍മ്മകള്‍  മറവിയുടെ ചവറ്റുകുട്ടയില്‍ ഇടുമെന്ന് ഞാന്‍  കരുതിയില്ല. മറവി ഒരു അനുഗ്രഹം തന്നെ. പക്ഷേ എന്തേ ഈ അനുഗ്രഹം എനിക്ക് ലഭികാതെ പോയി. ഈ അരക്ഷിതാവസ്ഥയില്‍ ഞാനിനി ഇവിടെ നില്‍ക്കുന്നില്ല. എത്രയും പെട്ടന്ന്  തിരിച്ചു  പോകണം. കര്‍മ്മങ്ങള്‍ കഴിഞ്ഞതും ഞാന്‍ അവിടെ നിന്നും വേഗം തന്നെ തിരിച്ചു വന്നു . ഇവിടെ എത്തിയപ്പോള്‍  ഈ  നക്ഷത്ര കൊട്ടാരത്തിന്റെ വാതില്‍ കടന്നു ചെന്നപ്പോള്‍ ആദ്യം കണ്ടത്  ദൈവത്തെ ആയിരുന്നു.

അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ആ മനോഹരമായ പുഞ്ചിരി തന്നെയായിരുന്നു . തിരിച്ചു ഞാനും ഒന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു . എന്റെ ആ ചിരിക്കു കണ്ണീരിന്റെ ചെറിയ  നനവുണ്ടായിരുന്നു. ഇവിടെ തിരിച്ചു വന്നതിനു ശേഷം ആരെയും അഭിമുഖികരിക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു. ആ നിമിഷത്തില്‍  ഒരു മേഘക്കീറിനുള്ളില്‍ കയറി ഇരുന്നതാണ് ഞാന്‍.
                
 
ആരോ വരുന്നുണ്ട്. ആ അത് എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന മാലാഖമാരില്‍ ഒരാളാണ്. കയ്യില്‍ ഒരു കുഞ്ഞു വാവയും ഉണ്ട്.  ഞാന്‍ വന്നു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വന്നതാനവന്‍. ഒരു വയസ്സ് പോലും ആയിട്ടില്ല അവന്  പാവം അമ്മയുടെ സ്നേഹം കിട്ടാന്‍ ഭാഗ്യം ഉണ്ടായില്ല  എന്നെ വല്യ ഇഷ്ട്ടമാണ്  അവന്.  ഇപ്പോള്‍ ഞാന്‍  മതി അവന്. അവനെ കളിപ്പിക്കാനും അവനെ എടുത്തു ഇവിടം മുഴുവന്‍ ചുറ്റി നടന്നു കാണിക്കാനും ഒക്കെ. എനിക്കും അങ്ങനെ തന്നെ. ഇപ്പോള്‍  എനിക്കൊരിക്കലും ഒറ്റപ്പെടല്‍ അനുഭവപെടാറില്ല.

 ചില നിമിഷങ്ങള്‍  സ്നേഹിച്ചവരെ ഓര്‍ത്തു പോകുന്ന  ആ നിമിഷം   ഒരുപാട് വിഷമിക്കും കണ്ണുകള്‍  അറിയാതെ നിറഞ്ഞു ഒഴുകും ആ കണ്ണുനീര്‍ ഏതെങ്കിലും ഒരു മഴ തുള്ളിയോടൊപ്പം അലിഞ്ഞു അവര്‍ക്കരികില്‍ എത്തുമെന്ന്  വെറുതെ മോഹിക്കും.ഇനി അവനെയും കൊണ്ട്  ഒന്ന് നടക്കണം .  വെള്ളി മേഘങ്ങള്‍ക്കിടയിലൂടെ  നടക്കുന്നത്  എനിക്കും അവനും  ഒരുപാടിഷ്ട്ടമാണ് .. നിലാവോഴുക്കി ഭൂമിയെ സുന്ദരിയാക്കുന്ന ചന്ദ്രനോടും, ചന്ദ്രനോപ്പം പുഞ്ചിരി പൊഴിച്ച് നില്‍ക്കുന്ന നക്ഷത്രങ്ങളോടും  ഞങ്ങള്‍ക്ക്  കിന്നാരം പറയണം . മറവി ഒരനുഗ്രഹമാണ്‌ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും. മറക്കാന്‍ ഞാനും പഠിച്ചു കൊണ്ടിരിക്കുകയാണ് .

3 comments:

 1. Sreekutty Superb ayitundey

  ReplyDelete
  Replies
  1. Lechu chechiyeeeeeeeeeeeeeee thankstto ee vakkukalkku

   Delete
 2. നന്നായി എഴുതി ശ്രീ

  ReplyDelete