Saturday, 2 February 2013

എന്‍റെ കാശിത്തുമ്പയ്ക്ക്

വര്‍ഷങ്ങള്‍ക്കു ശേഷം ആ മിഴികള്‍ താന്‍ വീണ്ടും കാണാന്‍ പോവുകയാണ് . ആ മുഖം കൈകുമ്പിളില്‍ കോരി എടുത്തു ആ മിഴികളില്‍ നോക്കി ഒരുപാട് കഥകള്‍ പറയാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊണ്ടു.. ആ മുഖം നേരില്‍ കാണുമ്പോള്‍ ആദ്യമായി എന്ത് പറയണം എന്നതായിരുന്നു അയാളുടെ ചിന്ത . ട്രെയിനിന്റെ സ്പീഡിനേക്കാള്‍ വേഗത്തില്‍ അയാളുടെ മനസ്സും ഹൃദയവും സഞ്ചരിക്കാന്‍ തുടങ്ങി .. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ മുഖം ഇനി കാണാന്‍ സാധിക്കില്ല എന്ന് കരുതി ആ നാട്ടില്‍ നിന്നും പോന്നതാണ്. പിന്നീടൊരിക്കലും ആ നാട്ടിലേക്ക് പോയില്ല്യ . പോകാന്‍ ഒരിക്കലും തോന്നിയില്ല്യ . മറക്കാന്‍ കഴിയില്ലെന്നറിഞ്ഞു കൊണ്ടുതന്നെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു . താന്‍ കാരണമാണ് അങ്ങനെല്ലാം സംഭവിച്ചതെന്നോര്‍ത്തു നീറുകയായിരുന്നു തന്‍റെ മനസ്സ് ... തനിക്കെല്ലാം നഷ്ട്ടപ്പെടുത്തിയ നാട്, വെറുപ്പായിരുന്നു എല്ലാറ്റിനോടും .. ആരും കാണാതെ തങ്ങള്‍ കഥ പറഞ്ഞിരുന്ന ആ പുഴയോരത്തേയും ആ കശുമാവിന്‍ തോപ്പുകളെയും ആദ്യമായി താന്‍ അവളോട്‌ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ആ അമ്പല കല്പടവുകളെയും ... താന്‍ ഒരുപാട് സ്നേഹിച്ചിരുന്ന എല്ലാറ്റിനോടും വെറുപ്പായിരുന്നു പിന്നീട് ...
പക്ഷേ ...,
ഇന്നലെ വരെ ഒരുപാട് വേദനകള്‍ നല്‍കിയിരുന്ന ഓര്‍മ്മകള്‍ ഇന്ന് ഒരുപാടു മധുരമുള്ള ഓര്‍മ്മകളായിരിക്കുന്നു . അന്ന് കണ്ട സ്വപനങ്ങള്‍ ഓരോന്നും ഇന്ന് ഒന്നുകൂടെ കാണാന്‍ മനസ്സ് കൊതിക്കുന്നു ... താന്‍ ആദ്യമായി അവളോട്‌ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ആ നിമിഷത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ അയാളുടെ ചുണ്ടില്‍ അറിയാതെ ഒരു പുഞ്ചിരി വിടര്‍ന്നു ..
" എന്താ ചിരിക്കണേ "
അയാള്‍ പെട്ടന്ന് ഞെട്ടി കണ്ണു തുറന്നു ... തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ആളുടെ മകനാണ് ..
അവന്‍ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയാണ് .. ട്രയിനിലെ ജനാലയിലൂടെ വീശുന്ന തണുത്ത കാറ്റില്‍ അവന്‍റെ മുടിയിഴകള്‍ താളത്തിലാടുന്നു.. ആ കുഞ്ഞി കണ്ണുകളില്‍ ഒരുപാട് സന്തോഷം അയാള്‍ കണ്ടു .. അവന്‍ അവന്‍റെ മുത്തശ്ശന്റെ അരികിലേക്ക് പോകുകയാണ് .. അവനിന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്ക് ആ മുത്തശ്ശനെ കാണാന്‍ .. ആ ആകാംക്ഷ മുഴുവന്‍ അവന്‍റെ മുഖത്തുണ്ട്‌ ..
"ഒന്നുല്ല്യ മാമന്‍ വെറുതെ ചിരിച്ചതാ "
      എന്നും പറഞ്ഞു അയാള്‍ അവനെ തന്റെ മടിയില്‍ കയറ്റി ഇരുത്തി . ഒരു കുഞ്ഞു മുത്തം ആ കവിളില്‍ നല്‍കി . "
അറിയാതെ അയാളുടെ കണ്ണുകള്‍ തന്‍റെ എതിര്‍വശത്തെ സീറ്റിലിരുന്ന പെണ്‍കുട്ടിയിലേക്ക് പോയി. ആ കൊച്ചു പെണ്‍കുട്ടി ഇടയ്ക്കിടെ കയ്യിലുള്ള ചിത്രത്തിലേക്ക് ആകാംക്ഷയോടെ നോക്കുന്നുണ്ട് .. പിന്നീടുള്ള സമയം മുഴുവന്‍ അവളെന്തോ ആലോചനയിലും ആണ് . ഒരു പത്തു വയസ്സുകാരിയുടെ പ്രായത്തിനു ചേരാത്ത പക്വത അവളുടെ മുഖത്തുണ്ട്‌ . അവളുടെ കയ്യിലുള്ള ചിത്രത്തിലേക്ക് അയാള്‍ ഒന്ന് എത്തി നോക്കി സുന്ദരി ആയ ഒരു സ്ത്രീയുടെ കല്യാണ ചിത്രം .. താന്‍ നോക്കുന്നത് കണ്ടു എന്ന് തോന്നുന്നു അവള്‍ അയാളെ നോക്കി ഒന്ന് ചിരിച്ചു എന്റെ അമ്മയാണ് .. നാട്ടിലാ കാണാന്‍ പോവുകയാ . അമ്മക്ക് വയ്യാത്തോണ്ട് നാട്ടില്‍ പോയതാ ... ഇപ്പോള്‍ അസുഖം കുറഞ്ഞെന്നു പറഞ്ഞു .. കാണാന്‍ ചെല്ലാന്‍ പറഞ്ഞു അതാ പോകുന്നെ .. അച്ഛനും ദേ അനിയനും ഉണ്ട് അവള്‍ അയാളുടെ മടിയില്‍ ഇരുന്ന കുട്ടിയെ ചൂണ്ടി പറഞ്ഞു . അയാള്‍ ഒന്നും ചോദിക്കാതെ തന്നെ അവള്‍ അയാള്‍ക്ക്‌ മറുപടി നല്‍കി ..
അയാള്‍ അവരുടെ അച്ഛന്‍ എന്ന് പറഞ്ഞ ആളെ നോക്കി .. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു .. ആ മനുഷ്യന്‍റെ മുഖത്ത് നോക്കി ഒന്നും ചോദിക്കാന്‍ അയാള്‍ക്കായില്ല്യ
      അയാള്‍ വീണ്ടും സീറ്റില്‍ ചാരി ഇരുന്നു . വെള്ള മുണ്ടും കറുത്ത ഒരു ഷര്‍ട്ടുമാണ് അയാളുടെ വേഷം . നെറ്റിയില്‍ ചന്ദനകുറി . തലയില്‍ കുറച്ചു മുടികള്‍ നരച്ചിരിക്കുന്നു കറുത്ത ഫ്രൈമുള്ള കണ്ണടക്കു കീഴെ തിളങ്ങുന്ന കണ്ണുകള്‍ .. അയാള്‍ കണ്ണുകള്‍ അടച്ചു .. തന്‍റെ മനസ്സിന്റെ ഓര്‍മ്മചെപ്പ് തുറന്നു മറക്കാനായി എടുത്തുവെച്ചിരുന്ന ഓരോ നിമിഷവും ഓര്‍ത്തെടുക്കാന്‍ തുടങ്ങി ..തന്റെ വീടിന്റെ എതിര്‍ വശത്തായിരുന്നു . ദേവുട്ടിയുടെയും വീട് .ചെറുപ്പം മുതലേ കണ്ടു വളര്‍ന്ന അവളോട്‌ ഏതു നിമിഷത്തിലാണ് പ്രണയം തോന്നി തുടങ്ങിയത് .. ഇന്നും അറിയില്ല തനിക്ക് അത് ..
അവള്‍ ആദ്യമായെഴുതിയ കവിത വായിച്ചു താന്‍ ഒരുപാടവളെ കളിയാക്കി . പുസ്തക താളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ആ കവിത അറിയാതെ തന്റെ കയ്യില്‍ വന്നു പെട്ടതായിരുന്നു .. പക്ഷേ വളരെ മനോഹരമായ ഒരു കവിതയായിരുന്നു അത് . താന്‍ കളിയാക്കിയപ്പോള്‍ പിണങ്ങിയ ആ മുഖ ഭാവം കണ്ടിട്ടായിരുന്നോ അതോ , ആവളുടെ ആ കവിത വായിച്ചപ്പോള്‍ തോന്നിയതോ അറിയില്ല എങ്ങനെയോ അവള്‍ തന്റെ മനസ്സിന്റെ ഭാഗമായി മാറി .. അവള്‍ക്കു മനസ്സില്‍ തോന്നുന്നതെന്തും എഴുതാന്‍ താനായിരുന്നു അവള്‍ക്കു ഒരു ഡയറി വാങ്ങി കൊടുത്തത് . കൃഷ്ണനും രാധയും ഒരുമിച്ചു നില്‍കുന്ന മനോഹരമായ പുറം ചട്ട ആയിരുന്നു ആ ഡയറിക്ക് . ആ നാട്ടില്‍ നിന്നും പോരുമ്പോള്‍ താന്‍ എടുത്ത ഒരേ ഒരു വസ്തു .. ഇന്നും തന്റെ കയ്യില്‍ അത് ഭദ്രമായി ഇരിക്കുന്നു . ഇടക്ക് ഓര്‍മ്മകള്‍ വല്ലാതെ മനസ്സിനെ അലട്ടുമ്പോള്‍ താനത് എടുത്തു നോക്കാറുണ്ട് . ഇന്നലെ വരെ കണ്ണുനീരിന്റെ നനവോടെ വായിച്ചിരുന്ന ആ ഡയറി . തന്റെ ജീവന്‍ ആയി കണ്ടിരുന്ന ആ ഡയറി .അതില്‍ നിറയെ തനിക്കു വേണ്ടി അവള്‍ കുറിച്ചിരുന്ന വരികള്‍ .. ആദ്യം വായിച്ചപ്പോഴെല്ലാം തന്നെ ഒരുപാട് സന്തോഷിപ്പിക്കുകയും പിന്നീട് തന്നെ കരയിക്കുകയും ചെയ്ത വരികള്‍ ..
എന്തായിരുന്നു തങ്ങള്‍ ചെയ്ത തെറ്റ് ഇന്നും മനസിലാകാത്തത് അതാണ്‌ ..
      തന്‍റെയും ശ്രീദേവിയുടെയും പ്രണയം .. അത് ഇത്ര വലിയ തെറ്റാകുമെന്നു തങ്ങള്‍ക്കറിയില്ലാരുന്നു... താന്‍ എന്നും ശ്രീദേവിയെ ദേവുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നുള്ളൂ. ... തന്നേക്കാള്‍ ഒരു വയസിനു മൂത്തതാണ് എങ്കിലും അവള്‍ തന്‍റെ ദേവുട്ടി ആയിരുന്നു . പക്ഷേ, ... ആ പ്രായ വ്യത്യാസം ഒന്നും പ്രണയത്തിനു തടസമായി തനിക്കു തോന്നിയില്ല പാവം തന്റെ ദേവുട്ടി ഒരുപാട് നിരസിച്ചതാണ് തന്റെ പ്രണയത്തെ . താനായിരുന്നു മരിച്ചു കളയും എന്ന് പറഞ്ഞു ആ സ്നേഹം ആ പ്രണയം എല്ലാം സ്വന്തമാക്കിയത് . പക്ഷേ തനിക്കു വേണ്ടി സ്വന്തം ജീവന്‍ കളയും എന്ന് ഒരിക്കലും താന്‍ കരുതിയില്ല്യ .. വേണ്ടായിരുന്നു എന്ന് പലവട്ടം തോന്നിയിട്ടുണ്ട് .. തന്‍റെ പ്രണയം മനസ്സില്‍ സൂക്ഷിച്ചാല്‍ മതി ആയിരുന്നു . എങ്കില്‍ ഒരു ജീവന്‍ ന്ഷ്ട്ടപെടില്ലായിരുന്നു എന്ന് പലവട്ടം തോന്നിയിട്ടുണ്ട് .. അറിയാതെ അയാളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു . കട്ടിയുള്ള കണ്ണടക്കു പിന്നിലെ നിറയുന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു ..
എങ്ങനെയോ ഒരിക്കല്‍ ആരും അറിയില്ലെന്ന് കരുതിയ ആ പ്രണയം .. അല്ലെങ്കില്‍ തങ്ങള്‍ ആരെയും അറിയിക്കാതെ കൊണ്ട് നടന്ന ആ പ്രണയം പുറത്തറിഞ്ഞു .. തന്റെ ജീവിതത്തില്‍ താന്‍ ആദ്യമായി എഴുതിയ പ്രണയ ലേഖനം .. നിലാവിനെയും നക്ഷത്രങ്ങളേയും സാക്ഷിയാക്കി താന്‍ ഒരു ധനുമാസ രാവില്‍ ഒരു കൊച്ചു കുളിര്‍ കാറ്റ് ഏറ്റു താന്‍ തന്‍റെ ദേവുനെഴുതിയ പ്രണയ ലേഖനം ... ക്രിഷ്ണന്‍റെ അമ്പലത്തിലെ ആല്ത്തറ ചുവട്ടില്‍ വെച്ചു അവളുടെ കാല്‍ക്കല്‍ നിന്നിരുന്ന കാശിതുമ്പ പൂവിനെ നോക്കി ആയിരുന്നു താന്‍ ആ പ്രണയ ലേഖനം അവള്‍ക്കു നേരെ നീട്ടിയത് ... അവളുടെ മുഖത്ത് നോക്കാന്‍ ആ കണ്ണുകളിലെ നാണം ഒരുപാട് കൊതി തോന്നിയെങ്കിലും ഹൃദയത്തില് ഉള്ളിലുള്ള ആ പേടി ഒന്നിനും കഴിഞ്ഞില്ല എങ്കിലും കത്ത് വാങ്ങിക്കുമ്പോള്‍ ഉണ്ടായ ആ കൈകളുടെ വിറയല്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു .
ആ പ്രണയ ലേഖനം അതൊരു നിധി പോലെ അവള്‍ സൂക്ഷിച്ചു വെക്കുമെന്ന് താന്‍ ഒട്ടും കരുതിയില്ല്യ .. അതായിരുന്നു അവള്‍ ചെയ്ത തെറ്റ് .. ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സിലെപ്പോഴും തോന്നുന്ന തെറ്റ് കൊടുത്തതും വാങ്ങിച്ചതും അത് സൂക്ഷിച്ചു വെച്ചതും തെറ്റ് അതുകൊണ്ടാണല്ലോ അവളുടെ അമ്മ അത് കണ്ടതും അവള്‍ക്കു ജീവന്‍ പോലും കളയാന്‍ തോന്നിയതും .. എല്ലാവരും അവളെ ആയിരുന്നു കുറ്റപെടുത്തിയത് .. പെണ്‍കുട്ടിയായ അവളായിരുന്നു എല്ലാം ഓര്‍ക്കേണ്ടതെന്ന് .. പക്ഷേ സ്നേഹിച്ച രണ്ടു മനസ്സുകളെ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല . എല്ലാവരും അവളെ കുറ്റപ്പെടുത്തിയപ്പോള്‍ അവള്‍ തന്നെ നോക്കിയ ആ നോട്ടം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു അവള്‍ തന്നേക്കാള്‍ മുന്നേ ഈ ഭൂമിയില്‍ ജനിച്ചു . . അതായിരിക്കാം എല്ലാവരും തങ്ങളില്‍ കണ്ട തെറ്റ് .പാവം തന്‍റെ ദേവുട്ടി തനിക്കു വേണ്ടി എല്ലാ തെറ്റും അവള്‍ ഏറ്റെടുത്തു . സ്വയം ജീവന്‍ കളയാന്‍ നോക്കി .
     അവളുടെ ജീവന്‍ പോയി എന്നുകരുതി ആണ് താന്‍ ആ നാടും വീടും വിട്ടത് .. എല്ലാം ഉപേക്ഷിച്ചു കല്‍ക്കട്ട തെരുവില്‍ അഭയം പ്രാപിച്ചത് .. തനിക്കും സ്വയം മരിക്കണമെന്ന് കരുതിയതാണ് പക്ഷേ അന്ന് നടന്നില്ല പിന്നീട് ശ്രമിചില്ല്യ .. ഇന്നത്‌ നന്നായെന്നു തോന്നുന്നു .. അല്ലെങ്കില്‍ കാലങ്ങള്‍ക്ക് ശേഷം താന്‍ അവളുടെ ആങ്ങളയെ കണ്ടുമുട്ടുകയോ അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുകയോ ഇല്ലല്ലോ .. എല്ലാം ഒരു നിമിത്തം .. അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ ആ നിമിഷം താന്‍ പുറപ്പെട്ടതാണ് .. ഇനി ഏതാനും മണിക്കൂറുകള്‍ക്കകം താന്‍ തന്‍റെ ദേവുട്ടിയുടെ അരികിലെത്തും.തന്നെയും കാത്തു ആ പൂമുഖപടിയില്‍ ഇരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയില്‍ അയാള്‍ തന്‍റെ കണ്ണുകള്‍ മെല്ലെ അടച്ചു ..
                 *                 *                      *                      *                         *                       *
                      എഴുത്ത് നിര്‍ത്തി ശ്രീദേവി പേന ആ കടലാസിനു മുകളില്‍ വെച്ചു  . കണ്ണട മെല്ലെ ഊരി ആ മേശപുറത്ത്‌ വെച്ചു രണ്ടു കൈകള്‍ കൊണ്ടും നിറഞ്ഞു തുളുംബിയ ആ കണ്ണുകളും മുഖവും അമര്‍ത്തി തുടച്ചു . അറിയാതെ ആ കണ്ണുകള്‍ ചുവരില്‍ തൂക്കിയിട്ടിരുന ഫോട്ടോയിലേക്ക് നോക്കി .. തന്‍റെ ജീവന്‍ പോയെന്നുകരുതി .. താന്‍ ഈ ഭൂമിയില്‍ ഇല്ലെന്നു കരുതി ഈ നാട് വിട്ടു പോയ തന്‍റെ എല്ലാം എല്ലാമായിരുന്ന കിച്ചന്‍ .. നിറഞ്ഞൊഴുകിയ കണ്ണുകള്‍ ഒന്നുകൂടെ അമര്‍ത്തി തുടച്ച്‌ ശ്രീദേവി ആ കഥയുടെ അവസാന ഭാഗം ഒന്നുകൂടെ വായിച്ചു .. ഈ കഥ മാത്രം അവള്‍ എഴുതാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങള്‍ ആയിരിക്കുന്നു .. .. ഈ കഥയുടെ അവസാനം പോലെ തന്‍റെ കിച്ചനും വരുമെന്ന് അവളുടെ മനസ്സ് പ്രതീക്ഷിച്ചു

No comments:

Post a Comment