Saturday, 2 February 2013

മഴ നൂലുകള്‍ക്കിടയിലൂടെ നിലാവിനെ കാത്തിരിക്കുമ്പോള്‍

                       ഇരുളില്‍ അകലെ എവിടെയോ ഇരുന്നു ഒരു പക്ഷി അതിന്റെ ഇണയെ വിളിക്കുന്നു .. ചീവിടുകളുടെ മനം മടുപ്പിക്കുന്ന ശബ്ദം. പുറത്തു ചെറിയ ചാറ്റല്‍ മഴയുണ്ട് . ഈ ശബ്ദങ്ങള്‍ക്കിടയിലും ഒരു ഏകാന്തത അവളെ അലട്ടികൊണ്ടിരുന്നു  . കുറെ നേരമായി അവള്‍ ആ ജനലഴികളില്‍ പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട് . അഴിച്ചിട്ട മുടി മുട്ടോളം ഉണ്ട് . മിഴിനീര്‍ തിളങ്ങി നില്‍ക്കുന്ന കണ്ണുകള്‍ .ആരെയോ കാത്തുനില്‍ക്കുന്ന പോലെയുള്ള അക്ഷമയായ മുഖ ഭാവം . കറുത്ത കരയുള്ള സെറ്റ് മുണ്ടാണ് വേഷം . ഇടയ്ക്ക് എന്തോ ആലോചിക്കുന്ന പോലെ കണ്ണടക്കാതെ ഒരു നില്‍പ്പ് . തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ് വീശുന്നു .. ആ കാറ്റില്‍ അവളുടെ മുടിയിഴകള്‍ താളത്തില്‍ ഇളകുന്നുണ്ട് .

         പുറത്തു മഴയ്ക്ക് ശക്തി കൂടുന്നുണ്ട് . മഴക്കൊപ്പം പെയ്യുന്ന കാറ്റില്‍ മഴത്തുള്ളികള്‍ അവളുടെ മുഖത്തു ചിത്ര പണികള്‍ നടത്തുന്നു. മഴ അവളെ നനയിച്ചു തുടങ്ങിയിട്ടും അവിടെ നിന്നു മാറാതെ ജനലരികില്‍ തന്നെ അവള്‍ നിന്നു .

                     മഴ എന്നും അവളുടെ പ്രിയപ്പെട്ടതായിരുന്നു . അവളുടെ ബാലു ഏട്ടനെ പോലെ അവളുടെ മോനുട്ടനെ പോലെ ..  
         ഒരു ദിവസം പോലും ബാലു ഏട്ടനും മോനും ഇത്ര വൈകിയിട്ടില്ല ഇന്നെന്തു പറ്റി . അവളുടെ മുഖത്ത് അക്ഷമയും പേടിയും നിഴലിക്കാന്‍ തുടങ്ങി .

                ജീവിതത്തില്‍ തനിക്കെല്ലാം ഉണ്ടായിരുന്നു . ഇത്ര സന്തോഷം ഒരാള്‍ക്കും ദൈവം കൊടുത്തു കാണില്ല .. ഒരു ദിവസം പോലും തങ്ങള്‍ പിരിഞ്ഞിരുന്നിട്ടില്ല . 4 വര്‍ഷത്തെ പ്രണയത്തിനു ശേഷം ഉണ്ടായ വിവാഹം .. അച്ഛനും അമ്മയ്ക്കും ഏട്ടന്മാര്‍ക്കും ഒക്കെ ഇഷ്ടമായി . എല്ലാവരുടെയും അനുഗ്രഹത്താല്‍ മംഗളകരമായി തങ്ങളുടെ വിവാഹം .ഒരിക്കല്‍ പോലും താന്‍ കരയാന്‍ തന്റെ ബാലു ഏട്ടന്‍ സമ്മതിച്ചില്ല. ഒരിക്കല്‍ പോലും തങ്ങള്‍ വഴക്കിട്ടിട്ടില്ല, പിണങ്ങി ഇരുന്നിട്ടില്ല . തമാശക്ക് പോലും തന്നെ വഴക്ക് പറഞ്ഞിട്ടില്ല .
              തങ്ങളുടെ സ്നേഹ കൂട്ടിലേക്ക് ഒരാള്‍ കൂടെ വന്നപ്പോള്‍  ഏട്ടനായിരുന്നു ഏറെ സന്തോഷം . മോന് ഒരു പനിവന്നാല്‍ തന്നെക്കാള്‍ സങ്കടം ഏട്ടനായിരുന്നു . അവന്‍റെ ഓരോ വാശിയും എന്തിനാണെന്നും അവന്‍ കരയുന്നതും ചിരിക്കുന്നതും എന്തിനാണെന്നും ഒരു അമ്മയായ തന്നെക്കാള്‍ കൂടുതല്‍ എട്ടനറിയാമായിരുന്നു .
            അവന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവനും അച്ഛനെ പോലെ മുടിചീകി വെച്ചു . അച്ഛനെ അവന്‍ അനുകരിക്കാന്‍ തുടങ്ങി .

      ഏട്ടന്‍ ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ ഒരു കോലാഹലമായിരുന്നു . അച്ഛനും മകനും തമ്മില്‍ സുഹൃത്തുക്കളെ പോലെ ആയിരുന്നു . മോനോട് ആരാ ബെസ്റ്റ് ഫ്രണ്ടെന്നു ചോദിച്ചാല്‍ അവന്‍ അച്ഛനെന്നു പറയും . മോന് ബൈക്കില്‍ കയറി യാത്ര  വല്യ ഇഷ്ട്ടമാണ് . എന്നും ജോലി കഴിഞ്ഞു വന്നാല്‍ അച്ഛനും മോനും കറങ്ങാന്‍ പോകും . ഇടക്ക് അച്ഛനും മകനും പിണങ്ങുന്നതും കാണാം . താന്‍ കളിയാക്കി ചിരിക്കുമ്പോള്‍ രണ്ടാളുടെയും ചമ്മുന്ന മുഖം കാണാന്‍ നല്ല ചേലായിരുന്നു . ആ കാര്യം ഓര്‍ത്തു സുമിത്ര അറിയാതെ ചിരിച്ചു പോയി .
             മഴ നനയാനും രണ്ടാള്‍ക്കും ഇഷ്ട്ടമായിരുന്നു . ഇപ്പോള്‍ എവിടെയെങ്കിലും കളിച്ചു നില്‍ക്കുന്നുണ്ടാകും . ഇന്ന് കറങ്ങാന്‍ ഇറങ്ങിയപ്പോള്‍ മഴ പെയ്യുന്നുണ്ട് പോകണ്ട എന്ന് പറഞ്ഞതാ രണ്ടാളോടും . കേട്ടില്ല ഇങ്ങു വരട്ടെ ഇന്നെന്തായാലും നല്ല വഴക്ക് പറയണം .
                  സുമിത്ര പിന്നെയും അക്ഷമയായി .. അവളുടെ കാത്തിരിപ്പിനൊടുവില്‍ അവര്‍ വന്നു.  . പക്ഷേ സുമിത്ര മുറ്റത്തിറങ്ങി ചെന്നില്ല ആദ്യമായി അവള്‍ പിണങ്ങാന്‍ തയ്യാറെടുത്തു . അച്ഛനും മകനും മുറിയില്‍ കയറി വന്നു അവള്‍ തിരിഞ്ഞു നോക്കിയില്ല
"സുമി" ബാലു വിളിച്ചു . ആദ്യമ്മായി ബാലു സുമിത്രയെ കണ്ടപ്പോള്‍ അങ്ങനെയാണ് വിളിച്ചത് പിന്നെ എന്നും സുമികുട്ടി അങ്ങനെ ആയിരുന്നു . അവള്‍ തിരിഞ്ഞില്ല "

പിണക്കാണോ സുമികുട്ടി" ബാലു പിന്നെയും ചോദിച്ചു . "അമ്മേ" മോനുട്ടന്റെ വിളിയാണ് "നാളെ നേരത്തെ വരാം അമ്മേ" അവള്‍ ചിരി വന്നിട്ടും ഗൌരവത്തില്‍ നിന്നു.
"നിന്‍റെ അമ്മ പിണക്കമാടാ നമ്മളോട്.. നമ്മക്ക് പോകാം" ബാലു മോനോട് പറഞ്ഞു .
സുമിത്ര മനസ്സില്‍ വഴക്കിടണമെന്നു കരുതിയതൊക്കെ മറന്നു .അവള്‍ വേഗം തിരിഞ്ഞു നിന്നെ അവരെ നോക്കി . അവര്‍ പുറത്തിറങ്ങി നടന്നു മഴയിലൂടെ .അവള്‍ ഉറക്കെ അവരെ തിരിച്ചു വിളിച്ചുകൊണ്ട് അവരുടെ പിന്നാലെ ഓടി  . പക്ഷേ..,  സുമിത്രക്ക് കാലിലെ ചങ്ങല ഒരു തടസമായിരുന്നുഅവരുടെ പിന്നാലെ ഓടിയ സുമിത്ര കാലില്‍ കെട്ടിയ ചങ്ങല തടഞ്ഞു നിലത്ത് വീണു . അവള്‍ വേദന മറന്നു വീണ്ടും എഴുന്നേറ്റു  . കാലിലെ ചങ്ങല അവള്‍  വലിച്ചൂരാന്‍ നോക്കിയിട്ടും സാധിച്ചില്ല . അവള്‍ വീണ്ടും  ആ ജനാലക്കരികില്‍ പോയി പുറത്തേക്കു നോക്കി നിന്നു .പിണക്കം മാറി ആ മഴനൂലുകള്‍ക്കിടയിലൂടെ തന്റെ ബാലു ഏട്ടനും മോനും വരുന്നതും കാത്ത്..........


                                                                ശ്രീകുട്ടി

No comments:

Post a Comment