Saturday, 2 February 2013

ആരവങ്ങള്‍ക്കിടയില്‍

            ഈ ചുമരില്‍ ചാരി ഇവിടെ ഇരുന്നാല്‍ ആകാശം നല്ല പോലെ കാണാം . രേവതി കടലാസും പേനയും കയ്യില്‍ പിടിച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയി .  ആത്മ കഥ എഴുതാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍  സഹമുറിയത്തി  ആനി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് . " പൊട്ടിപ്പെണ്ണേ ചക്കരക്കുട്ടി  ഒരു പത്തമ്പത് വയസ്സാവട്ടെടി ആത്മ കഥ എഴുതാന്‍  ഇപ്പോള്‍ ജീവിക്ക് എന്നിട്ടാവാം കേട്ടോ " ഇതും പറഞ്ഞു കവിളത്തൊരു നുള്ളും കൊടുത്തു ആനി . പക്ഷേ അവള്‍ക്കറിയില്ലല്ലോ ഇത് തന്‍റെ അവസാനത്തെ എഴുത്താണെന്ന്  . താന്‍ എഴുതുന്ന കവിതകളും കഥകളും വായിക്കുന്ന ആദ്യത്തെ വായനക്കാരി അവളായിരുന്നു . "എന്തായാലും നീ എഴുത്  ഞാന്‍ കിടക്കാന്‍  പോകുവാ ശുഭരാത്രി മോളേ" എന്ന് പറഞ്ഞു ആനി തന്‍റെ പായയില്‍  പോയി ചുരുണ്ട് കൂടി കണ്ണിലേക്കു വെട്ടം തട്ടാതിരിക്കാന്‍  പുതപ്പെടുത്തു തലയിലൂടെ മൂടി  കിടന്നു   
                  
             അവള്‍ വീണ്ടും ആകാശത്തേക്ക് കണ്ണ് പായിച്ചു . ആകാശത്ത് അവിടെ ഇവിടെ ആയി കുറച്ചു നക്ഷത്രങ്ങള്‍ മാത്രം . ചന്ദ്രന്‍  ഉദിച്ചിട്ടുണ്ടെങ്കിലും നിലാവിന് ശോഭ ഇല്ലാത്തതു പോലെ . ഇടവം പാതി ആയിട്ടും ആകാശത്ത്  മൂന്നാല് കാര്‍മേഘങ്ങള്‍  പെയ്യാന്‍ മടിച്ചു നില്‍ക്കുന്നു . കരയാന്‍ മടിക്കുന്ന  തന്‍റെ മനസ്സ് പോലെ . എന്ന് മുതലാണ് താന്‍ കരയാന്‍ മറന്നത് . കണ്ണീരിനെ മുഴുവന്‍  മനസ്സില്‍ ഒളിപ്പിക്കാന്‍ പഠിച്ചത് . ശാപം  പിടിച്ച ജന്മം എന്ന് പറഞ്ഞു എല്ലാവരും ശപിക്കുമ്പോള്‍  തന്‍റെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നത് കണ്ടു  ആരും കാണാതെ കണ്ണ് തുടക്കുന്ന അച്ഛനെ കണ്ടത് മുതലോ ? തന്നെ ഓര്‍ത്താണോ അച്ഛന്‍ കരഞ്ഞത് അതോ അമ്മയെ ഓര്‍ത്തോ ഇന്നും തനിക്കു കിട്ടാതെ പോയ ഒരു ഉത്തരം. ചോദിക്കാനുള്ള ദൈര്യവും തനിക്കില്ലായിരുന്നു .
              
              ജനിച്ചതാണോ താന്‍ ചെയ്ത തെറ്റ് . പലരുടെയും പെരുമാറ്റം കൊണ്ട് തനിക്കങ്ങിനായിരുന്നു തോന്നിയത് . അതോ ആത്മഹത്യ ചെയ്യാന്‍  പേടിച്ച് ഇന്നും ജീവിക്കുന്നതോ ? എന്തായാലും തെറ്റുകളുടെ പര്യായപദമായിരുന്നു എല്ലാവരുടെ മുന്നിലും താന്‍ . മകളെ നഷ്ട്ടപെട്ട മുത്തശ്ശനും മുത്തശ്ശിക്കും മുന്നില്‍ താനെന്നും കുറ്റവാളിയായിരുന്നു. താന്‍ ജനിച്ച അന്ന് മുതല്‍ അമ്മ നഷ്ട്ടപെട്ട ഏട്ടനും താനൊരു തെറ്റുകാരി ആയിരുന്നു . തങ്ങളെ നോക്കാനായി അച്ഛന്‍ കൊണ്ട് വന്ന ചെറിയമ്മക്കു താനെന്നും ഒരു ദുശ്ശകുനമായിരുന്നു .തന്‍റെ ജാതക ദോഷം കൊണ്ട്  അനിയത്തിക്ക്, അവളുടെ ജീവിതത്തിനു താനൊരു വിലങ്ങാകുമോ എന്നായിരുന്നു പേടി . അവളതു  പറയാതെ പലവട്ടം  പ്രേകടിപ്പികുകയും ചെയ്തു . ആര്‍ക്കും ഒരു തടസ്സമാകണമെന്നു താന്‍  മനസ്സ്കൊണ്ട്  ഒരു നിമിഷം പോലും ആഗ്രഹിചിട്ടില്ലായിരുന്നു എന്നിട്ടും സ്വന്തം കൂടപ്പിറപ്പു പലവട്ടം തന്നെ ശപിച്ചു  . 

           ആരവങ്ങള്‍ക്കിടയില്‍ ഒറ്റപെട്ടു നില്‍ക്കാനായിരുന്നു തനിക്കും ഇഷ്ട്ടം . പുസ്തകങ്ങളുടെയും സംഗീതത്തിന്റെയും ലോകത്ത് ഒറ്റയ്ക്ക്  സ്വപനം കണ്ടു നടക്കാന്‍ താനും ഇഷ്ട്ടപെട്ടിരുന്നു . ആ സ്വപനങ്ങളിലെ രാജകുമാരന് കണ്ണേട്ടന്‍റെ  മുഖം കണ്ടത് തന്‍റെ തെറ്റ് . അര്‍ഹാതയില്ലാത്തത് ആഗ്രഹിക്കാന്‍ പാടില്ല എന്നറിഞ്ഞിട്ടും അറിയാതെ സ്നേഹിച്ചു . കഥകളിലും കവിതകളിലും കണ്ണേട്ടനോടുള്ള സ്നേഹം മാത്രം നിറഞ്ഞു നിന്നു . മഴയോടും തുമ്പ പൂവിനെ പ്രണയിച്ച മഞ്ഞുതുള്ളിയോടും മാത്രം ആ പ്രണയത്തെ കുറിച്ച് പങ്കു വെച്ചു .  
          
             പക്ഷേ മനം നിറഞ്ഞു സ്നേഹിച്ച പുരുഷന്‍ മറ്റൊരു പെണ്ണിന്റെ കഴുത്തില്‍ താലി കെട്ടുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ഗതികേട് . ഒരായിരം സ്വപനങ്ങള്‍  അവിടെ വീണു ചിതറുകയായിരുന്നു . പുതുപെണ്ണിന്‍റെ കയ്യില്‍ സമ്മാനപ്പൊതി കൊടുത്തു അവരോടൊപ്പം ചിരിച്ചു കൊണ്ട് സന്തോഷം പങ്കിടുമ്പോള്‍  തന്‍റെ കണ്ണുകള്‍ നിറയാതിരിക്കാന്‍ തനോരുപാട് ബുദ്ധിമുട്ടി . വിവാഹ ശേഷം  വീട്ടിലേക്കു മടങ്ങുമ്പോള്‍ നിനക്കാതെ പെയ്ത വേനല്‍ മഴയില്‍ എല്ലാം സങ്കടങ്ങളും അര്‍പ്പിക്കുകയായിരുന്നു . എന്നും തന്‍റെ മനസ്സ് മനസ്സിലാക്കിയിരുന്ന മഴ . തന്‍റെ അമ്മ എല്ലാ കണ്ണീരും തുടച്ചുമാറ്റി. എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും അദൃശ്യമായൊരു ശാക്തി തന്നെ സമാധാനിപ്പിക്കാന്‍ ഉണ്ടായിരുന്നു ഒരു കാറ്റായി മഴയായി അതെന്നും വന്നു തന്നെ തലോടാറുണ്ടായിരുന്നു . അവയ്ക്ക്  ഒരമ്മയുടെ വാത്സല്യം ആയിരുന്നു.    

        പിന്നീട്   വിധിയുടെ വിളയാട്ടത്തില്‍ മറ്റൊരാളുടെ മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ദു:ഖം . എങ്കിലും എല്ലാം മറക്കുകയായിരുന്നു ആര്‍ക്കൊക്കെയോ വേണ്ടി . ആ ജീവിതത്തിനും അധികം സന്തോഷം  ഉണ്ടായിരുന്നില്ല . അമ്മായി അമ്മ പോര് എന്ന് കേട്ടിരുന്ന താന്‍ അതൊരുപാട് അനുഭവിക്കുകയും ചെയ്തു . സ്നേഹം കൊടുക്കാനും തരാനും ആരുമില്ലാത്ത വേദന ഒരാള്‍ക്കും പെട്ടന്ന് മനസിലാവുകയില്ല . എന്നിട്ടും പിടിച്ച് നിന്നു എന്നെങ്കിലും ഒരിക്കല്‍ തനിക്കൊരു ശാപ മോക്ഷം കിട്ടുമെന്ന് കരുതി . താലി കെട്ടിയ ആളെങ്കിലും ഒരു തരി സ്നേഹം തരുമെന്ന് കരുതി .
  
 പക്ഷേ ...., 
           
              വീണ്ടും എല്ലാവരുടെ മുന്നിലും തെറ്റുകാരി ആകാനായിരുന്നു തന്‍റെ വിധി . താന്‍ പോലും അറിയാതെ  മദ്യഷാപ്പിനു തന്‍റെ പേരില്‍ ആയിരുന്നു ലൈസെന്‍സ് എടുത്തത്‌ . താന്‍ ആരെയൊക്കെയോ വിശ്വസിച്ചു എവിടെയൊക്കെയോ ഒപ്പിട്ടെന്നു മാത്രം എന്തിനാണെന്ന് പോലും അറിയാതെ . അവരോടുള്ള വിശ്വാസത്തേക്കാള്‍ കൂടുതല്‍ തനിക്കവരെ ഭയമായിരുന്നു എന്ന് വേണം പറയാന്‍ . പക്ഷേ  ആരോ ചെയ്ത തെറ്റിന് ശിക്ഷ  അനുഭവിക്കേണ്ടി വന്നത് താനും . പിന്നെ ഈ ജയിലറക്കുള്ളില്‍  നാല് വര്‍ഷം . തന്‍റെ വയറ്റില്‍ വന്നു പിറന്നത്‌ കൊണ്ട് മാത്രം ഒന്നുമറിയാതെ ഈ ജയിലറക്കുള്ളില്‍  തന്‍റെ ജീവിതം തുടങ്ങേണ്ടി വന്നവന്‍  തന്‍റെ പൊന്നു മോന്‍ . നാളെ ഈ ജയിലില്‍ നിന്നും താന്‍ മോചിതയാകുകയാണ് . ജയില്‍ ആയിരുന്നെങ്കില്‍ ഇതിനുള്ളില്‍   ഒരു സുരക്ഷിതത്ത്വം തനിക്കുണ്ടായിരുന്നു  .

         കണ്ണീരിനാല്‍ നനഞ്ഞു കുതിര്‍ന്ന കടലാസില്‍ ഒരു വലിയ  വട്ടം കൊണ്ട്  തന്‍റെ ആത്മ കഥ തീര്‍ത്തു രേവതി ഒന്നുമറിയാതെ കിടന്നുറങ്ങിയിരുന്ന മകനരികില്‍  പോയി അവനെ നെഞ്ചോടു ചേര്‍ത്ത്  നാളെ എന്തെന്നറിയാതെ ഉറങ്ങാന്‍  പേടിക്കുന്ന കണ്ണുകളെ അടച്ച്‌  കിടന്നു .

No comments:

Post a Comment